ന്യൂഡൽഹി : ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. ലോഞ്ചിംഗും ദേശീയ ശിൽപശാലയുടെ ഉദ്ഘാടനവും രാവിലെ 10ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിന് നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് മറൈൻ ഫിഷറീസ് സെൻസസിന്റെ ലക്ഷ്യം. ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളി വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ 45 ദിവസം നീണ്ടുനിൽക്കുന്ന വിവരശേഖരണത്തിനായി ഓരോ മത്സ്യത്തൊഴിലാളി ഭവനത്തിലും നേരിട്ടെത്തും. അഞ്ച് വർഷത്തിലൊരിക്കൽ സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടത്തുന്ന മറൈൻ സെൻസസ് ഇത്തവണ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് നടപ്പിലാക്കുന്നത്. വിവരശേഖരണത്തിനായി മൊബൈൽ-ഡിജിറ്റൽ ആപ്പുകളാണ് ഉപയോഗിക്കുന്നത്. സിഎംഎഫ്ആർഐ വികസിപ്പിച്ച പ്രത്യേക മൊബൈൽ, ടാബ്ലെറ്റ് ആപ്ലിക്കേഷനുകളും ചടങ്ങിൽ പുറത്തിറക്കും.