ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം 31 ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

Update: 2025-08-06 12:05 GMT

കോഴിക്കോട് : ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം 31നു(ഞാറായാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. രാവിലെ 10നു നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, പി. എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. കിഫ്ബി ഫണ്ടിൽ 23.5 കോടി രൂപ ചെലവിട്ടാണ് 4 നിലകളിലായി 103 കിടക്കകളുള്ള ആശുപത്രി സമുച്ചയം നിർമിച്ചിരിക്കുന്നത്. 47,806 ചതുരശ്ര അടി വിസ്തൃതിയാണുള്ളത്. പൊതുമേഖലാ സ്‌ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിലാണു നിർ മാണം പൂർത്തിയാക്കിയത്. ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ ഇതിനകം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രിയിൽ വിപുലമായ പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.

ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോഴിക്കോട് കോർപറേഷൻ്റെ ഭാഗമായ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് രോഗികൾ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികി ത്സ തേടിയെത്തുന്നുണ്ട്.

എല്ലാ വിഭാഗം വിദഗ്‌ധ ഡോക്ടർമാരുടെയും സേവനവും ലഭ്യ മാകുമെന്നത് പാവപ്പെട്ട രോഗികൾക്ക് ഗുണകരമാണ്. കൂടാതെ ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിരക്ഷ എല്ലാവർക്കും ഉറപ്പാക്കാനുമാകും.

ഒപി വിഭാഗം, എമർജൻസി, മൈനർ ഓപ്പറേഷൻ തിയറ്റർ, ട്രോമാകെയർ യുണിറ്റ്, എക്സ്റേ, സ്കാനിങ്, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കും.ആധുനിക ലബോറട്ടറി, സ്റ്റാഫ് മുറി, കഫെറ്റീരിയ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവ ഒന്നാം നിലയിലാണ് സജ്‌ജീകരിക്കുന്നത്. 40 കിടക്കകളുള്ള പുരുഷൻമാരുടെ പ്രധാന വാർഡ് രണ്ടാം നിലയിലും 39 കിടക്കകളുള്ള വനിതാ വാർഡ് മുന്നാം മൂന്നാം നില നിലയിലുമാണു ക്രമീകരിക്കുന്നത്.