ഗസാ സിറ്റി: ഗസയിൽ ഭക്ഷണവിതരണ ചുമതലയുള്ള ഗസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്ക് വുഡ് രാജിവച്ചു. ഇന്നലെ(മെയ് 25) ആണ് വുഡ് തദ്സ്ഥാനത്തുനിന്ന് രാജിവച്ചത്. യുഎസ് ഭരണകൂടത്തിൻ്റെയും ഇസ്രായേൽ സർക്കാരിൻ്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് ഗസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ(ജിഎച്ച്എഫ്).
മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്ത്വങ്ങൾ പാലിക്കാൻ കഴിയാത്തതിനാലാണ് തൻ്റെ രാജിയെന്ന് അദ്ദേഹം പറഞ്ഞു. ഈ മൂല്യങ്ങൾ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ സ്ഥാപിതമായ ജിഎച്ച്എഫിൻ്റെ എക്സിക്യൂട്ടീവ് സയറക്ടർ ചുമതല കഴിഞ്ഞ രണ്ടു മാസമായി നിർവഹിച്ചു വരുന്നത് ജെയ്ക് വുഡ് ആണ്. വുഡിൻ്റെ രാജിയിൽ നിരാശയുണ്ടെന്ന് ഫൗണ്ടേഷൻ ബോർഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലിൻ്റെ ഉപരോധത്താൽ ഗസയിലെ ജനങ്ങൾ പട്ടിണിമൂലം കടുത്ത ദുരിതത്തിലായിരുന്നു. ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് തടയിടുന്ന ഇസ്രായേലിൻ്റെ കടുംപിടിത്തം അന്താരാഷ്ട്ര സമൂഹത്തിൻ്റെ കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. യുകെ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരേ പ്രകടമായി രംഗത്തു വരുകയും ചെയ്തിരുന്നു.
ഗസയിലെ ജനസംഖ്യയുടെ നാലിലൊന്ന് അതായത് അഞ്ചുലക്ഷം ആളുകൾ പട്ടിണി നേരിടുന്നുണ്ടെന്ന് ആഗോള പട്ടിണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഗസയെ പട്ടിണിക്കിട്ട് കൊല്ലാനുള്ള പദ്ധതിയാണ് ഇസ്രായേലിൻ്റേതെന്ന വിമർശനം വ്യാപകമായി ഉയർന്നുവന്നിരുന്നു. ഇസ്രായേലിൻ്റെ തന്നെ പദ്ധതിയായ ജിഎച്ച്എഫിൻ്റെ പ്രവർത്തനങ്ങളെയും ഐക്യരാഷ്ട്ര സഭ ഏറെ വിമർശിച്ചിരുന്നു. അവരുടെ സഹായ വിതരണ പദ്ധതികൾ ഫലസ്തീനികളെ നിർബന്ധപൂർവം മാറ്റിത്താമസിപ്പിക്കുന്നതിനും കൂടുതൽ അക്രമങ്ങൾക്കും കാരണമാകുമെന്നും യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.
ഐക്യരാഷ്ട്ര സഭയെയും പതിറ്റാണ്ടുകളായി ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെയും മാറ്റിനിർത്തിയാണ് സ്വകാര്യ കമ്പനികളെ ഇസ്രായേൽ ഭക്ഷണ വിതരണ ചുമതല ഏൽപ്പിച്ചത്. ആവശ്യത്തിൻ്റെ എത്രയോ അളവ് കുറവ് വരുന്ന ആ സഹായ വിതരണം പോലും പരിമിതമായ കേന്ദ്രങ്ങളിൽ മാത്രമായി ഒതുക്കപ്പെടുകയായിരുന്നു.
ജിഎച്ച്എഫ് ഈ മാസം സഹായം സ്വീകരിക്കുന്നവരുടെ തിരിച്ചറിയാൻ കഴിയുന്ന ഒരു വിവരവും സർക്കാരുമായി പങ്കിടുകയില്ലെന്ന് ജെയ്ക് വുഡ് ഇസ്രായേലിനെ ഒരു കത്തിലൂടെ അറിയിച്ചിരുന്നു. മതിയായ വിഭവങ്ങളുടെ സുഗമമായ പ്രവാഹം വേണമെന്നും അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
താൻ ഉദ്ദേശിച്ചതു പോലെ കാര്യങ്ങൾ നടപ്പാവുകയില്ലെന്ന് ഉറപ്പായതോടെയാണ് ജെയ്ക് വുഡ് രാജിവച്ചത്.

