അഷ്റഫിൻ്റെ മുതുകും കൈയ്യും പൂർണമായും ചതഞ്ഞിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്
മംഗളൂരു: കുഡുപ്പുവിൽ ഹിന്ദുത്വർ തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിൻ്റെ മുതുകും കൈയ്യും നിതംബവും പൂർണമായും ചതഞ്ഞിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്. ഏപ്രിൽ 28 ന് ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഷ്‌റഫ് ജീൻസ് ധരിച്ചിരുന്നതിനാൽ കാലുകളിൽ ചതവിന്റെ പാടുകൾ അത്ര പ്രകടമായിരുന്നില്ല.ആൾക്കൂട്ട ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് ഫോറൻസിക് വിദഗ്ധരും രേഖപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേ ട്രാക്കുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വിറ്റാണ് അഷ്റഫ് ജീവിച്ചിരുന്നതെന്ന് മംഗളൂരു സിറ്റി പോലിസ് കണ്ടെത്തി. ദിവസം ഏകദേശം 20 കിലോമീറ്ററോളം നടന്നാണ് അഷ്റഫ് കാലിക്കുപ്പികളും മറ്റും ശേഖരിച്ചിരുന്നത്. പ്രതിദിനം 800 രൂപയോളം അഷ്റഫിന് ലഭിക്കുമായിരുന്നു എന്നും അതിൽ 150 രൂപ ഭക്ഷണത്തിനായി ചെലവഴിക്കുമായിരുന്നു എന്നും പോലിസ് കണ്ടെത്തി. പാഡിൽ റെയിൽവേ സ്റ്റേഷനിൽ ആണ് രാത്രി ഉറങ്ങിയിരുന്നത്.
ഏപ്രിൽ 27ന്, അഷ്‌റഫ് റെയിൽവേ ട്രാക്കിൽ നിന്ന് ക്രിക്കറ്റ് മൽസരം നടക്കുന്ന സ്ഥലത്തേക്ക് പോയെന്ന് പോലിസ് റിപോർട്ട് പറയുന്നു. അവിടെ കളിച്ചു കൊണ്ടിരുന്നവർ അഷ്റഫിൻ്റെ ഷർട്ട് വലിച്ചുകീറുകയും വടികളും മറ്റും ഉപയോഗിച്ച് പുറകിൽ അടിക്കുകയും, നിരന്തരം ചവിട്ടുകയും ചെയ്തു. പിന്നീട് ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും പോലിസ് റിപോർട്ടിലുണ്ട്. ആദ്യം കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്ന് റിപ്പോർട്ടിൽ പോലിസ് അവകാശപ്പെടുന്നുണ്ട്. കേസിൽ 20 ആർഎസ്എസ്- ബജ്റംഗ് ദൾ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
