മയക്കു മരുന്ന് കേസിൽ യുപി സ്വദേശിക്ക് 23 വർഷം കഠിനതടവും 2,25 ലക്ഷം പിഴയും
കണ്ണൂർ: കഞ്ചാവും മെത്താംഫിറ്റമിനും എൽഎസ്ഡി സ്റ്റാന്പുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത ഉത്തർ പ്രദേശ് സ്വദേശിയെ കോടതി 23 വർഷം കഠിന തടവിനും 2,25 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. കണ്ണൂർ എക്സൈസ് സംഘം താളിക്കാവിൽ നിന്നും 2024ൽ സെപ്റ്റംബർ ഒന്നിന് അറസ്റ്റ് ചെയ്ത വാരണാസി സ്വദേശി ദീപു സഹാനിയെ (24)യാണ് വടകര എൻഡിപിഎസ് സ്പെഷൽ കോടതി സെഷൻസ് ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്. രണ്ടു കിലോ കഞ്ചാവും 95 ഗ്രാം മെത്താംഫിറ്റമിനും 333 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പും സഹിതമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ എക്സൈസ് റേഞ്ച് പാർട്ടിയിലെ സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
മയക്കു മരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായി ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെ വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി വരുന്നതിനിടെയായിരുന്നു പ്രതി പിടിയിലായത്. കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും ഇപ്പോൾ ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുമായ എം. സുഗതന്റെ നേതൃത്വത്തിൽ കെ. സജിത് കുമാറായിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.പി.ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പി.പി.സുഹൈൽ, സി.എച്ച്. റിഷാദ്, എൻ. രജിത്ത് കുമാർ, എം.സജിത്ത് , സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബു. പി. നിഖിൽ, സീനിയർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ(ഗ്രേഡ്) സി. അജിത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ. ഷജിത്ത് എന്നിവരടങ്ങിയ സംഘമായിരുന്നു മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.
