മാനന്തവാടി : തലപ്പുഴ കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലത്തിന് 2018 ലെ പ്രളയം മുതൽ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കും കേട് പാട് സംഭവിച്ചിരുന്നു. പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് എസ്ഡിപിഐ യും പ്രദേശത്തെ സൗഹൃദ ആശ്രയ അയൽകൂട്ടങ്ങളും, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു.വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി പാലം നിർമാണത്തിനാവശ്യമായി അസിസ്റ്റന്റ് എഞ്ചിനീയർ വിലയിരുത്തിയ 98 ലക്ഷം രൂപ പഞ്ചായത്തിന്റെ കയ്യിൽ ഇല്ലെന്നും പരാതി റീബിൽഡ് കേരള പ്രൊജക്റ്റ് ഡയറക്ടർക്ക് കൈ മാറിയെന്നും അറിയിച്ചിരുന്നു. മന്ത്രിയും മണ്ഡലം എം.എൽ.എയുമായ ഒ ആർ കേളു സ്ഥലം സന്ദർശിക്കുകയും പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ദിവസം വീണ്ടും പാലത്തിന്റെ പില്ലർ അടർന്നു . നിലവിൽ അതിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചിരിക്കുകയാണ്. 3 കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാർത്ഥികളടക്കമുള്ള പ്രദേശ വാസികൾക്ക് തലപ്പുഴ ടൗണിൽ എത്താൻ. അത് കൊണ്ട് തന്നെ അടിയന്തരമായി പാലം പുനർനിർമിക്കണമെന്ന് നിവേധനത്തിലൂടെ മുഖ്യമന്ത്രിയോട് എസ്ഡിപിഐ ആവശ്യപ്പെട്ടു.