ന്യൂഡൽഹി :വിദ്യാർത്ഥികളുടെ നൈപുണ്യശേഷി, വിശകലനശേഷി, പ്രശ്നപരിഹാര ശേഷി, വിമർശനാത്മക ചിന്താരീതി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയം 2020 അടിസ്ഥാനമാക്കി അടുത്ത അധ്യായന വർഷം മുതൽ ഒമ്പതാം ക്ലാസിൽ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി ഓപൺ ബുക്ക് എക്സാം നടപ്പാക്കാനുള്ള നിർദ്ദേശത്തിന് സിബിഎസ്ഇ അംഗീകാരം. 2014-15 അധ്യായന വർഷത്തിൽ ഒമ്പതാം ക്ലാസിൽ ഹിന്ദി, ഇംഗ്ലീഷ് ,ഗണിതം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, എന്നിവയിലും പതിനൊന്നാം ക്ലാസിൽ സാമ്പത്തികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയിലും സിബിഎസ്ഇ ഓപൺ ബുക്ക് പരീക്ഷ നടപ്പിലാക്കിയിരുന്നു. ആ സമയത്ത് വിമർശനാത്മക കഴിവുകൾ ഗണ്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായില്ലെന്ന് വിലയിരുത്തലിനെ തുടർന്ന് 2017- 18 അധ്യായന വർഷം അത് നിർത്തലാക്കുകയാണ് ഉണ്ടായത് . ഇപ്പോൾ പദ്ധതിയോട് അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചതിന് തുടർന്നാണ് പുതിയ സമ്പ്രദായം ഏർപ്പെടുത്താൻ സിബിഎസ്ഇ ഒരുങ്ങുന്നത് . കാണാപ്പാഠം പഠിച്ച് പരീക്ഷയിയിൽ നിന്ന് വ്യത്യസ്തമായി ടെക്സ്റ്റ് പുസ്തകം പരിശോധിച്ചു വിശകലനം ചെയ്ത് ഉത്തരമെഴുതുന്ന രീതിയാണ് ഓപൺ ബുക്ക് പരീക്ഷ. ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിംഗ് ബോഡി യോഗത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നിർദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നു.