കേരളത്തിൽ ആദ്യമായി മലപ്പുറത്തും കോഴിക്കോട്ടും വി ഫൈവ് ജി സേവനങ്ങൾ

Update: 2025-08-07 06:25 GMT


കോഴിക്കോട് : നാളെ മുതല്‍ മലപ്പുറത്തും കോഴിക്കോടും 5ജി സേവനങ്ങള്‍ ലഭ്യമായിരിക്കുമെന്ന് ടെലികോം സേവന ദാതാക്കളായ വി അറിയിച്ചു. കേരളത്തില്‍ ആദ്യാമായാണ് വിയുടെ 5ജി സേവനം ഇരു നഗരങ്ങളിലുമായി ലഭിക്കുന്നത്. വൈകാതെ മറ്റിടങ്ങളിലും ആരംഭിക്കും. 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി 23 നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്റെ ഭാഗമായാണിത്. നാളെ മുതല്‍ അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര, ഔറംഗബാദ്, നാസിക് എന്നീ ആറ് നഗരങ്ങളിലും ലഭ്യമാകും. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, ജയ്പൂര്‍, സോണിപത്, പട്‌ന എന്നിവ ഉള്‍പ്പെടെ ഒന്‍പത് നഗരങ്ങളില്‍ വി ഇതിനകം 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക് നാളെ മുതല്‍ വി 5ജി സേവനങ്ങള്‍ ലഭ്യമാകും. ഇതിന്റെ മുന്നോടിയായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ വി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്‌സസ് എന്നിവ ആസ്വദിക്കാം. മലപ്പുറത്തും കോഴിക്കോടും വി 5ജി അവതരിപ്പിക്കുന്നതിലൂടെ വടക്കന്‍ കേരളത്തിലെ ഈ രണ്ട് പ്രധാന നഗരങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. തങ്ങളുടെ നെക്സ്റ്റ്-ജെന്‍ 5ജി സേവനങ്ങളും കരുത്തുറ്റ 4ജി സേവനങ്ങള്‍ക്കുമൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളും മെച്ചപ്പെട്ട അനുഭവവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യം. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും 5ജി ഹാന്‍ഡ്‌സെറ്റ് ഉപയോഗം വര്‍ധിക്കുന്നതിനും അനുസരിച്ച് കേരളത്തിലുടനീളം 5ജി സേവനം വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി പറഞ്ഞു.