ഷോക്കേറ്റ് മരിച്ച ബോബിയുടെ മൂന്നു മക്കൾക്ക് കിടപ്പാടം നഷ്ടമാവുന്നു.

Update: 2025-08-06 01:36 GMT

കോഴിക്കോട് : കുറ്റ്യാടിക്കടുത്ത പശുക്കടവിലെ ചൂളപ്പറമ്പിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച ബോബിയുടെ മക്കൾക്ക് അമ്മയുടെ മരണശേഷം കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥയിലേക്ക് . സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചിരിക്കുകയാണ് .വീടും , സ്വത്തും കമ്പനിയുടെ കൈവശമാണന്ന നോട്ടീസ് ആണ് പതിച്ചത് ,ഏത് നിമിഷവും വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടിവരും . ഈ പ്രതിസന്ധിയെ മറിക്കടക്കാൻ ഉണ്ടായിരുന്ന തണലും നഷ്ടപ്പെട്ടതോടെ എന്തുചെയ്യുമെന്ന് ആദിയിലാണ് മൂന്നു മക്കൾ. മൂത്തമകൾ ഷിജിന നഴ്സിംഗ് വിദ്യാർത്ഥിയാണ് ,രണ്ടാമത്തെ മകൻ ഷിബിൻ പ്ലസ് ടു വിദ്യാർത്ഥിയും, ഏറ്റവും ചെറിയവളായ എയ്ഞ്ചൽ ഒമ്പതാം ക്ലാസിലും ആണ് പഠിക്കുന്നത്. അമ്മ പകർന്ന ധൈര്യത്തിലാണ് എല്ലാ പ്രതിസന്ധികളെയും മറിക്കടന്ന് ജീവിച്ചരുന്നത്. പുറത്ത് ജോലിക്ക് പോകുന്ന അച്ഛൻ ഷിജു എപ്പോഴെങ്കിലും ആണ് വീട്ടിൽ വരിക. പശുവിനെ പോറ്റിയും , ആടിനെ വളർത്തിയും മറ്റു ജോലികൾ ചെയ്തു മാണ് ബോബി മക്കളെ പോറ്റിയിരുന്നത് .സ്കൂൾ വിട്ടുവന്നാൽ അമ്മക്കൊപ്പം പശുവിനെ മേച്ചും, പുല്ലരിഞ്ഞും ഇവരും അമ്മയോടൊപ്പം ഉണ്ടാകും. അമ്മ വിളക്കണഞ്ഞ ഈ വീട്ടിൽ ജപ്തി ഭീഷണിയുമായാണ് മൂന്നു മക്കൾ കഴിയുന്നത്.