പത്തനംതിട്ട: യൂദാസുമാര്‍ വേദം പഠിപ്പിക്കുന്നതിനു സമാനമാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനകളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. എസ്ഡിപിഐയെക്കുറിച്ചുള്ള ഷോണ്‍ ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ അവജ്ഞയോടെ ജനം തള്ളിക്കളയും. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യമാണെന്ന് ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ജാള്യത മറയ്ക്കാനാണ് എസ്ഡിപിഐ നടത്തിയ ജനാധിപത്യ സമരങ്ങളെ നുഴഞ്ഞുകയറ്റമായി ചിത്രീകരിക്കുന്നത്. ബിജെപിയുടെ ക്രൈസ്തവ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ക്കും സന്യാസിനികളുടെ അന്യായ അറസ്റ്റിനുമെതിരേ സഭ നടത്തിയ സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി എന്ന് പറയുന്നതിലൂടെ സഭകള്‍ നടത്തിയ സമരങ്ങളെ അവഹേളിക്കുകയാണ്. എസ്ഡിപിഐയുടെ സഹായമില്ലാതെ കേരളത്തിലെ സഭകള്‍ക്ക് സമരം ചെയ്യാന്‍ കഴിയില്ല എന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നല്‍കുന്നത്. ഫാഷിസത്തിനെതിരായ ആദ്യ സമരമല്ല എസ്ഡിപിഐയുടേത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനെതിരേ ആക്രമണങ്ങള്‍ നടത്തിയപ്പോഴും വിവിധ ഘട്ടങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ പുരോഹിതരെ തടവിലിട്ടപ്പോഴും ഇന്ത്യയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെയും അസമിലെ കുടിയൊഴിപ്പിക്കല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അടക്കം എക്കാലത്തും ബിജെപി ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ എസ്ഡിപിഐ തെരുവില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ അറസ്റ്റിലായ ശേഷം എസ്ഡിപിഐ നടത്തിയ സമരങ്ങളും ഇടപെടലുകളും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ചപ്പോള്‍ പാര്‍ട്ടി നടത്തിയ സമരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എണ്ണിയെണ്ണി പറഞ്ഞ ഷോണിനെ അഭിനന്ദിക്കുകയാണ്. സ്ഥാനമാനങ്ങള്‍ക്കും ബിജെപി നല്‍കിയ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും സ്വന്തം സമുദായത്തെ തള്ളിപ്പറയേണ്ടി വരുന്ന ഷോണിന്റെ തന്ത്രപ്പാട് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ അസത്യം പ്രചരിപ്പിച്ച് എത്ര നാള്‍ മുന്നോട്ടുപോകാന്‍ കഴിയും എന്ന് ഇത്തരക്കാര്‍ ചിന്തിക്കണം. ഛത്തിസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയ അന്നാണ് ബിജെപി ഭരിക്കു രാജസ്ഥാനില്‍ മലയാളിയായ പാസ്റ്ററെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റുചെയ്തത്. രണ്ട് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിനുശേഷം ആ കേസ് റദ്ദ് ചെയ്യാതെ ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ബിജെപി. ജാമ്യം ലഭിച്ചതോടെ ക്രൈസ്തവ സമൂഹത്തിന്റെ മുഴുവന്‍ സംരക്ഷകരാണ് എന്ന നാട്യമാണ് ബിജെപി നേതാക്കളുടെ പ്രകടനത്തില്‍ നിന്ന് മനസ്സിലാകുന്നത്. അന്യായമായി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്ഡിപിഐ ആണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ഒന്‍പതു ദിവസം കാരാഗൃഹത്തിലിട്ടവര്‍ ജാമ്യം കിട്ടിയതിനെ ആഘോഷിക്കുന്നത് പരിഹാസ്യവും അല്‍പ്പത്തരവുമാണെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് സംബന്ധിച്ചു.