*ഒരു എസ്ഡിപിഐ പ്രവർത്തകനും സിപിഎമ്മിൽ പോയിട്ടില്ല; ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത് പച്ചക്കള്ളം: എസ്ഡിപിഐ*
പത്തനംതിട്ട: കുമ്പഴ കുലശേഖരപതിയിൽ എസ്ഡിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ വാദം പച്ചക്കള്ളമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. കുലശേഖരപതിയിൽ എസ്ഡിപിഐ പ്രവർത്തകരായ ഒരാളും സിപിഎമ്മിലേക്ക് പോയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറിക്ക് അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ സിപിഎമ്മിലേക്ക് വന്ന ഒരു എസ്ഡിപിഐ പ്രവർത്തകന്റെ പേരെങ്കിലും വെളിപ്പെടുത്തണം. സാമ്പത്തിക തട്ടിപ്പും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരും ഉൾപ്പെടെയുള്ള കളങ്കിതരെയാണ് സിപിഎം ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചത്. ഒരുകാലത്തും ഇവരാരും എസ്ഡിപിഐയുടെ മെമ്പർഷിപ്പ് സ്വീകരിച്ചിട്ടില്ല. നയവഞ്ചകരാൽ സ്വന്തം അടിത്തറ തകർന്നതോടെ കള്ളക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ ഇടയിൽ പിടിച്ചു നിൽക്കാനുള്ള പെടാപ്പാടാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കള്ളപ്രചരണത്തിലൂടെ വ്യക്തമാവുന്നത്.