വിദ്യാലയങ്ങളിലെ നിർബന്ധിത പാദസേവ ജാതീയത തിരിച്ചുകൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗം : കൃഷ്ണൻ എരഞ്ഞിക്കൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചില വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പാദസേവ ചെയ്യിപ്പിച്ച സംഭവം അപലപനീയമാണെന്നും ജാതീയത തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഇത്തരം ദുരാചാരങ്ങള്‍ ഭരണഘടനാ വിരുദ്ധവും പരിഷ്‌കൃത സമൂഹത്തിന് അപമാനവുമാണ്. മനുസ്മൃതി വിഭാവനം ചെയ്യുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ഭാഗമാണിത്. മനുഷ്യത്വ വിരുദ്ധമായ പഴകി പുളിച്ച ജാതിവ്യവസ്ഥ പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ പൗരസമൂഹം മുമ്പോട്ടു വരണം. വിദ്യാഭ്യാസാവകാശം പോരാടി നേടിയതാണ്. കുടി ജാതിവ്യവസ്ഥയുടെ പേരില്‍ അക്ഷരം പഠിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ടവരുണ്ടായിരുന്നു. വേദം കേട്ടവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ച ഭൂതകാലമുണ്ടായിരുന്നു. ഇത്തരം നീച പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.