ന്യൂഡൽഹി: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സിആർപിഎഫിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ട് ആണ് ഇന്ന് ഡൽഹിയിൽ അറസ്റ്റിലായത്.പട്യാല ഹൗസ് പ്രത്യേക കോടതി മോത്തി റാമിനെ ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
പാകിസ്താൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മോത്തി റാമിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടൻ തന്നെ അയാളെ സിആർപിഎഫ് പിരിച്ചു വിടുകയും ചെയ്തു.
മോത്തി റാം സജീവമായി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ രഹസ്യവിവരങ്ങൾ പാകിസ്താൻ ഇൻ്റലിജൻസ് ഓഫിസർമാരുമായി പങ്കുവച്ചിരുന്നെന്നും എൻഐഎ വെളിപ്പെടുത്തി. പാക് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ ചാരവൃത്തിക്കുള്ള പ്രതിഫലമായി മോത്തി റാം പണം സ്വീകരിച്ചിരുന്നതായും എൻഐഎ കണ്ടെത്തി.
വിവിധ കേന്ദ്ര ഏജൻസികളുമായുള്ള ഏകോപനത്തിലൂടെയുള്ള നിരീക്ഷണത്തിനിടയിലാണ് റാമിൻ്റെ ചാരവൃത്തി ശ്രദ്ധയിൽ പെട്ടത്. സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷച്ചപ്പോൾ ഒരാൾ മാനദണ്ഡങ്ങളും പ്രോട്ടോകോളുകളും ലംഘിച്ചതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണമാണ് സിആർപിഎഫ് ഉദ്യോഗസ്ഥരെ റാമിലേക്ക് എത്തിച്ചത്. വിശദമായ അന്വേഷണത്തിന് സിആർപിഎഫ് പ്രതിയെ എൻഐഎക്ക് കൈമാറി.
അറസ്റ്റിലായ ഉടൻ തന്നെ മോത്തി റാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടതായും സിആർപിഎഫ് അറിയിച്ചു.