കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിട്ട് ട്രംപ്

Update: 2025-05-05 11:07 GMT

വാഷിങ്ങ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിനടുത്തുള്ള ദ്വീപിലെ കുപ്രസിദ്ധമായ മുൻ ജയിലായ അൽകാട്രാസ് വീണ്ടും തുറക്കാനും വികസിപ്പിക്കാനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു.

യുഎസിൻ്റെ ആഭ്യന്തര ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ജയിലുകളിൽ ഒന്നായിരുന്നു അൽകാട്രാസ്. ദി റോക്ക് എന്നും അറിയപ്പെട്ടിരുന്ന അതിസുരക്ഷാ ജയിൽ വ്യാപകമായ പ്രതിഷേ ധത്തെ തുടർന്ന് 1963ൽ അടച്ചുപൂട്ടി. നിലവിൽ ടൂറിസ്റ്റ് സൈറ്റായി ഇത് പ്രവർത്തിക്കുന്നു.

ആദ്യകാലത്ത് അൽകാട്രാസ് ഒരു നാവിക കോട്ടയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൈനിക ജയിലായി പുനർനിർമ്മിച്ചു. 1930കളിൽ നീതിന്യായ വകുപ്പ് ഇത് ഏറ്റെടുത്തു. ഫെഡറൽ കുറ്റങ്ങളിൽ ആരോപണ വിധേയരായവരെയാണ് ഇവിടെ അടച്ചത്.

അനധികൃത മദ്യ മാഫിയ തലവൻ അൽ കാപോൺ, ഗുണ്ടാ തലവൻ മിക്കി കോഹൻ, ജോർജ്ജ് "മെഷീൻ ഗൺ" കെല്ലി തുടങ്ങിയവർ ഈ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.

1962ൽ പുറത്തിറങ്ങിയ ബർട്ട് ലങ്കാസ്റ്റർ അഭിനയിച്ച "ബേർഡ്മാൻ ഓഫ് അൽകാട്രാസ്" എന്ന സിനിമയും ഈ ജയിലിനെ പ്രശസ്തമാക്കി. ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ അവിടെയെത്തുന്ന പക്ഷികളിൽ താൽപ്പര്യം വളർത്തിയെടുക്കുകയും പിന്നീട് ഒരു വിദഗ്ദ്ധ പക്ഷിശാസ്ത്രജ്ഞനായി മാറുകയും ചെയ്ത റോബർട്ട് സ്ട്രൗഡിൻ്റെ കഥയാണ് ഈ സിനിമ പറയുന്നത്.



1979ൽ പുറത്തിറങ്ങിയ, ക്ലിന്റ് ഈസ്റ്റ് വുഡിൻ്റെ, എസ്കേപ്പ് ഫ്രം അൽകാട്രാസിൽ 1962ൽ തടവുകാർ ഈ ജയിൽചാടുന്നത് ചിത്രീകരിച്ചു. യഥാർത്ഥത്തിൽ 1962 ൽ ജയിൽ ചാടിയവരെ കുറിച്ച് ഇന്നും വിവരമില്ല. ഇവർ മരിച്ചോ അതോ മറ്റെവിടെയെങ്കിലും ജീവനോടെ ഉണ്ടോ എന്ന് വ്യക്തമല്ല. വെള്ളത്തിൻ്റെ തണുപ്പോ തിരയോ സ്രാവോ മൂലം മരിച്ചിട്ടുണ്ടാവാമെന്നാണ് പൊതു വിശ്വാസം.

സീൻ കോണറിയും നിക്കോളാസ് കേജും അഭിനയിച്ച 1996ൽ പുറത്തിറങ്ങിയ ദി റോക്ക് എന്ന സിനിമയും ഇവിടെയായിരുന്നു. കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ചില ഓൺലൈൻ ബാറ്റിൽ റോയൽ ഗെയിമുകളിൽ ഈ ജയിൽ കളിക്കാനുള്ള വേദിയായി ഒരുക്കിയിട്ടുമുണ്ട്.



ജനങ്ങളുടെ പ്രതിഷേധവും അമിതമായ പ്രവർത്തന ചെലവും മൂലം ജയിൽ പൂട്ടിയെന്നാണ് അധികൃതർ പറയുന്നത്. അൽകാട്രാസിനെ വീണ്ടും പ്രവർത്തനക്ഷമമായ ജയിലാക്കി മാറ്റാൻ വളരെയധികം പണം ആവശ്യമായി വരുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഡേവിസ് സ്കൂൾ ഓഫ് ലോയിലെ പ്രൊഫസർ ഗബ്രിയേൽ ജാക്ക് ചിൻ ബിബിസിയോട് പറഞ്ഞു.