വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസുകൾ ഇന്ന് സുപ്രിം കോടതിയിൽ

Update: 2025-05-05 02:54 GMT

ന്യൂഡൽഹി : മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാൻ കേന്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹരജി നൽകിയവർ തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കുകയാണെന്ന കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അടക്കമുള്ള ഹരജിക്കാർ വിശദമായ മറുപടി സത്യവാങ്മൂമൂലങ്ങൾ നൽകിയിട്ടുണ്ട്. ഏപ്രിൽ 17 ന് പുതിയ നിയമത്തിലെ ഏതാനും വകുപ്പുകൾ സുപ്രിം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസിൽ ഇടക്കാല ഉത്തരവ് പാടില്ലെന്ന് കേന്ദ്രം വാദിക്കുന്നുണ്ട്.

ഏപ്രിൽ എട്ട് വരെ രജിസ്റ്റർ ചെയ്ത ഉപയോഗം മൂലം വഖ്ഫ് ആയ സ്വത്തുക്കളെ മാത്രമേ ആ ഇനത്തിൽ വഖ്ഫ് ആയി കണക്കാക്കൂ എന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു. ഇത് ചരിത്ര പ്രസിദ്ധമായ പല വഖ്ഫ് സ്വത്തുക്കളും സർക്കാർ തട്ടിയെടുക്കാൻ കാരണമാവും എന്ന് വ്യക്തിനിയമ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിക്കാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുക. ഏപ്രിൽ 17 ലെ ഇടക്കാല സ്റ്റേക്ക് പിന്നാലെ സുപ്രിം കോടതിക്കെതിരെ ബിജെപി നേതാക്കൾ രൂക്ഷപരാമർശങ്ങൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ഹിന്ദുത്വർ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു.