സൈന്യം കസ്റ്റഡിയിൽ എടുത്ത കശ്മീരി യുവാവ് നദിയിൽ മരിച്ച നിലയിൽ; സ്വയം ചാടി മരിച്ചെന്ന് പോലിസ്, അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസും പിഡിപിയും

Update: 2025-05-04 18:52 GMT

ശ്രീനഗർ: തീവ്രവാദ ബന്ധം ആരോപിച്ച് സൈന്യം കസ്റ്റഡിയിൽ എടുത്ത യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും പിഡിപിയും. തെക്കൻ കശ്മീരിലെ തങ്ക്മാർഗ് സ്വദേശിയായ ഇംതിയാസ് അഹമദ് മാഗ്രെ എന്ന 23കാരൻ്റെ മൃതദേഹമാണ് ഒരു അരുവിയിൽ നിന്ന് കണ്ടെത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു. എന്നാൽ തീവ്രവാദ കേന്ദ്രം കാണിച്ചു തരാം എന്ന് പറഞ്ഞ് കാട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇംതിയാസ് നദിയിൽ ചാടിയെന്നാണ് പോലിസ് പറയുന്നത്.

ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ, ഇംതിയാസിൻ്റെ കുടുംബത്തെ സന്ദർശിക്കുകയും അന്വേഷണത്തിന് അഭ്യർത്ഥിക്കുകയും ചെയ്യുകയും ചെയ്തു. "ഇംതിയാസ് അഹമ്മദിനെ വീട്ടിൽ നിന്ന് കൊണ്ടുപോയി. വീട്ടുകാർ ക്യാംപിൽ പോയി അന്വേഷിച്ചപ്പോൾ ഉടൻ വിടുമെന്നു പറഞ്ഞു. പക്ഷേ, മൃതദേഹം നദിയിൽ നിന്ന് കിട്ടി. സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം" -സക്കീന ഇറ്റൂ പറഞ്ഞു.

ഇംതിയാസ് നദിയിൽ ചാടുന്നുവെന്ന് പറയുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആകാശത്ത് നിന്ന് ഷൂട്ട് ചെയ്ത ദൃശ്യത്തിൽ യുവാവിൻ്റെ കൂടെയോ പിന്നിലോ ആരുമുള്ളതായി സൂചനയില്ല.