റെയിൽപാളത്തിൽ കല്ലുകൾ കൊണ്ടിട്ട വയോധികൻ പിടിയിൽ

Update: 2025-03-02 00:21 GMT

കോട്ടയം: റെയിൽപാളത്തിൽ നിരന്തരമായി കല്ലുകൾ ഇട്ടയാൾ പിടിയിൽ.
കോട്ടയം-ഏറ്റുമാനൂർ സെക്ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്(62) പിടിയിലായത്.

ആർപിഎഫ് എസ്ഐ എൻ എസ് സന്തോഷ്, എഎസ്ഐ എസ് സന്തോഷ് കുമാർ എന്നിവർ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി.

സമീപത്തു നിന്നിരുന്ന ശിവകുമാർ സിങ്ങാണ് കല്ലെടുത്തു വച്ചതെന്നു പ്രദേശത്തുണ്ടായിരുന്നവരും പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ പരസ്പ‌രവിരുദ്ധമായി ശിവകുമാർ സംസാരിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാസേന അന്വേഷണം നടത്തി വിലാസം സ്‌ഥിരീകരിച്ചു.  കുടുംബ കലഹത്തെത്തുടർന്നു നാടുവിട്ടു കേരളത്തിൽ എത്തി എന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. നാട്ടിൽ പോവാൻ ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ട്രെയ്ൻ തടയാൻ ശ്രമിച്ചതാണ് എന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.