വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

Update: 2025-03-01 01:27 GMT

താമരശേരി: വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാറുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്‌ച പുലർച്ചെ  മരിച്ചത്.

താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെൻ്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘർഷം. സംഭവത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനിൽവെച്ച് ട്യൂഷൻ സെൻ്ററിലെ പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തിൽ ട്യൂഷൻ സെൻ്റിൽ പഠിക്കുന്ന എളേറ്റിൽ എംജെഎച്ച് എസ്എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടർന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോൾ താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂവിവിളിച്ചു കളിയാക്കി. അത് നൃത്തസം ഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ചോദ്യം ചെയ്തു. വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ടാണ് രംഗം തമാക്കിയത്.

ആ സംഭവത്തിലെ അസ്വാരസ്യത്തിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ സംഘർഷം. .