ജെഎന്‍യുവിനെ കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എബിവിപി ആക്രമണം; വിദ്യാര്‍ഥി നേതാക്കള്‍ക്ക് പരിക്ക്

Update: 2018-09-18 13:25 GMT


ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ മറ്റൊരു കേരളമാകാന്‍ അനുവദിക്കില്ലെന്ന ആവര്‍ത്തിച്ച് എബിവിപി ആക്രമണം. പുതിയ യൂനിയന്‍ പ്രസിഡന്റ് എന്‍. സായ് ബാലാജി വിദ്യാര്‍ഥി നേതാക്കള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് എബിവിപി ആക്രമണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എബിവിപി പ്രവര്‍ത്തകര്‍ പുറത്തു നിന്നുള്ള സംഘപരിവാര പ്രവര്‍ത്തകരുടെ സഹായത്തോടെ ആക്രമണം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ജാള്യത മാറ്റാനാണ് എബിവിപി അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
സര്‍വകലാശാലാ ക്യാംപസിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരെ നോക്കുകുത്തിയാക്കിയാണ് എബിവിപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.
പുലര്‍ച്ചെ 2.30നു ക്യാംപസിലെ സത്‌ലജ് ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന എബിവിപിക്കാര്‍ ഇടതു പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ചറിഞ്ഞു ഹോസ്റ്റലിലെത്തിയ തന്നെയും എബിവിപിക്കാര്‍ മര്‍ദിച്ചുവെന്ന് എന്‍. സായ് ബാലാജി ആരോപിച്ചു. ഇടതു വിദ്യാര്‍ഥി നേതാവായ പവന്‍ മീണയെ ആക്രമിക്കുന്നതറിഞ്ഞാണു സായ് ബാലാജിയും സംഘവും ഹോസ്റ്റലിലെത്തിയത്.


വടിയും മാരക ആയുധങ്ങളുമായി എബിവിപിക്കാര്‍ സംഘടിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ വഴിയും മറ്റും സഹായം അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ഹോസ്റ്റലിലുണ്ടായിരുന്ന ഇടത് വിദ്യാര്‍ഥി നേതാക്കളെ വടിയും കുപ്പികളുമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മുന്‍ യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരിക്കു നേരെയും ആക്രമണമുണ്ടായി. അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പിന്നാലെ ഝലം ഹോസ്റ്റലിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ഥി അഭിനയിയെയും ക്രൂരമായി മര്‍ദിച്ചു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ സായ് ബാലാജിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘമാണ് ആശുപത്രിയിലെത്തിച്ചത്. മുന്‍ ജനറല്‍ സെക്രട്ടറി ശതപൂര ചക്രവര്‍ത്തി, നിധീഷ് നാരായണന്‍ തുടങ്ങിയവര്‍ക്കു സാരമായി പരുക്കേറ്റു. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ ശതപൂര ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള മൂന്നുപേരെ കാറിലെത്തിയ മുഖംമൂടി സംഘം ഓട്ടോയില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഒരു വിദ്യാര്‍ഥിയുടെ കാലിനു സാരമായ പരുക്കേറ്റിട്ടുണ്ട്.
ജെഎന്‍യു യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യം വിജയിച്ചതിന് പിന്നാലെയാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് എബിവിപിക്ക് സംഭവിച്ചത്.

Similar News