റെയില്‍വേ അഴിമതി: ലാലുപ്രസാദ് യാദവിനും കുടുംബത്തിനും സമന്‍സ്

Update: 2018-09-18 07:36 GMT
ന്യൂഡല്‍ഹി: രാഷ്ട്ടീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ഡല്‍ഹി കോടതിയുടെ സമന്‍സ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം അഴിമതിക്കേസിലാണ് സമന്‍സ്. അടുത്തമാസം ആറിന് നേരിട്ട് ഹാജരാവാനാവശ്യപ്പെട്ട് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് അരുണ്‍ ഭരദ്വരാജാണ് സമന്‍സയച്ചത്.



കേസില്‍ ആദായ നികുതി വകുപ്പ് കുറ്റപത്രം സമര്‍പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. അഴിമതിക്കേസന്വേഷിക്കുന്ന സിബിഐയും കേസില്‍ കുറ്റപത്രം സമര്‍പിച്ചിട്ടുണ്ട്. 2005ല്‍ റെയില്‍വേ മന്ത്രിയായിരിക്കേ, സ്വകാര്യ കമ്പനികള്‍ക്കു റെയില്‍വേ കാന്റീന്‍ നടത്താന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് കേസ്. കാന്റീന്‍ നടത്തിപ്പിനു കരാര്‍ നല്‍കിയതിനു പ്രത്യുപകാരമായി മൂന്ന് ഏക്കര്‍ സ്ഥലവും 45 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിലവില്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് റാഞ്ചി ജയിലില്‍ തടവില്‍ കഴിയുകയാണ് ലാലു.

Similar News