കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

Update: 2018-09-30 12:07 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്്‌ടോബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും. ഇതിനായി കെഎസ്ആര്‍ടിസി എംഡി നടപടി സ്വീകരിക്കും. മറ്റ് തൊഴില്‍ പ്രശ്‌നങ്ങളില്‍ ഈ മാസം 17ന് ചര്‍ച്ച നടത്താനും ധാരണയായി. സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കെഎസ്ആര്‍ടിഇഎ, കേരള സ്‌റ്റേറ്റ് റോഡ് ട്രാസ്‌പോര്‍ട്ട് വര്‍ക്കേഴ് യൂനിയന്‍ (ഐഎന്‍ടിയുസി), കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് െ്രെഡവേഴ്‌സ് യൂനിയന്‍ സംഘടനകളാണ് അനിശ്ചിതകാല സമരത്തിന് സെപ്തംബര്‍ 13 ന് നോട്ടീസ് നല്‍കിയിരുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, പിരിച്ചു വിട്ട കാഷ്വല്‍ മെക്കാനിക്കല്‍ സ്റ്റാഫുകളെ തിരിച്ചെടുക്കുക, ഷെഡ്യൂളുകളുടെ പുനഃപരിശോധന പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Similar News