സഞ്ചാരമാര്‍ഗം അടഞ്ഞ് കട്ടിപ്പാറ; ഉരുള്‍പൊട്ടലുണ്ടായി മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങളില്ല

Update: 2018-09-18 10:53 GMT


കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ വീടുകളും കൃഷിയിടങ്ങളുമെല്ലാം തകര്‍ത്തെത്തിയ ഭീമന്‍ പാറക്കൂട്ടങ്ങള്‍ ഒരു നാടിന്റെ യാത്രമാര്‍ഗങ്ങളെല്ലാം അടച്ചിരിക്കുകയാണ്. കട്ടിപ്പാറ കരിഞ്ചോലമലയിലെ ജനങ്ങളാണ് ജീവിത മര്‍ഗങ്ങളെല്ലാം അടഞ്ഞ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായി മൂന്ന് മാസം കഴിഞ്ഞിട്ടും ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. ഉരുള്‍പൊട്ടലിന് ശേഷം പ്രളയവും വന്നതോടെ കട്ടിപ്പാറ നിവാസികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കട്ടിപ്പാറയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം ഇതോടെ നിലച്ച മട്ടാണ്.
ദുരന്തത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ എടുത്ത് നല്‍കിയ വീടിന് വാടക നല്‍കാത്തതും പ്രശ്‌നമായിരിക്കുകയാണ്. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ നഷ്ടപരിഹാര തുകയും ഇതുവരെ പൂര്‍ണമായി ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന പരാതി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിനുമുണ്ട്. കട്ടിപ്പാറ ദുരന്തത്തിന് ശേഷം പ്രളയം വന്നതാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടും അതിന് മുന്‍പ് തന്നെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന കട്ടിപ്പാറയോടെ സര്‍ക്കാര്‍ അവഗണ തുടരുകയാണ്.
ജൂണ്‍ രണ്ടാംവാരത്തിലാണ് കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടി ദുരന്തം വിതച്ചത്. ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ചിരുന്നു.

Similar News