പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി രാഷ്ട്രത്തിനാകെ കളങ്കമെന്ന് കോടിയേരി

Update: 2018-10-03 10:24 GMT


നാല്‍പ്പത് വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന ത്രിപുരയിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായ ദേശര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ നടപടി മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ രാഷ്ട്രത്തിനാകെ കളങ്കമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുര സര്‍ക്കാര്‍ മോദി സര്‍ക്കാരുമായി നടത്തിയ ആലോചനയുടെ ഫലമാണിതെന്നും ഇടതുപക്ഷപത്രം പൂട്ടിച്ച ഫാസിസ്റ്റ് നടപടിക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
ബാലിശമായ കാരണം വ്യാജമായി കണ്ടെത്തിയാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ കയ്യേറ്റമാണ് ഇത്.
തീവ്രഹിന്ദുത്വ പ്രചാരണത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുന്ന കരുത്തുറ്റ ജനജിഹ്വയാണ് ദേശര്‍കഥ. ബി.ജെ.പി. സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ത്രിപുരയില്‍ അധികാരത്തില്‍ വന്നശേഷം പുരോഗമന മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത കടന്നാക്രമണം നടത്തുകയാണ്. അത് എല്ലാ ജീവിത മേഖലകളെയും ബാധിച്ചു. ബി.ജെ.പി. സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗ്ഗീയതയും തുറന്നുകാട്ടുന്ന പത്രത്തെ നിശബ്ദമാക്കാന്‍ സര്‍ക്കാരും ഹിന്ദുത്വ ശക്തികളും നിരന്തരമായി പരിശ്രമിച്ചുവരികയാണ്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ പത്രം കൊണ്ടുപോകുന്നത് തടഞ്ഞു. പത്രവിതരണം ആര്‍.എസ്.എസുകാര്‍ തടസ്സപ്പെടുത്തി. പത്രക്കെട്ടുകള്‍ പലേടത്തും തീയിട്ടു. അഞ്ചിടത്ത് പത്രറിപ്പോര്‍ട്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നിലുണ്ട്. ഇതിനുമധ്യേയാണ് ഞൊടിന്യായം പറഞ്ഞ് ത്രിപുര സര്‍ക്കാര്‍ കളക്ടര്‍ വഴി ആര്‍.എന്‍.എ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചത്. ഇത് മോദി സര്‍ക്കാരുമായി നടത്തിയ ആലോചനയുടെ ഫലമാണ്. ഉന്നതതല ഗൂഢാലോചനയുടെ ഫലമായി ഇടതുപക്ഷപത്രം പൂട്ടിച്ച ഫാസിസ്റ്റ് നടപടിക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണം.

പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെയും ത്രിപുര സര്‍ക്കാരിന്റെയും ഫാസിസ്റ്റ് രീതിയിലെ ജനാധിപത്യ ഹത്യക്കെതിരെ അതിശക്തമായി പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

 

Similar News