പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ കോടിയേരി; നിരോധനത്തിലൂടെ ആശയത്തെ ഇല്ലാതാക്കാനാവില്ല

Update: 2017-10-06 16:04 GMT


കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നതിനോട് സിപിഎമ്മിന് യോജിക്കാന്‍ സാധിക്കില്ലെന്നും സംഘടനകളെ നിരോധിക്കുന്നതിലൂടെ അവരുയര്‍ത്തുന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളെ നിരോധിക്കല്‍ തങ്ങളുടെ നയമല്ല. നിരോധനത്തിലൂടെ ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് തെറ്റായ ധാരണയാണ്. തെറ്റായ നിലപാട്  സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയമായും ഭരണപരമായും ആണ് പ്രതിരോധിക്കേണ്ടത്. ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്നത് കൊണ്ട് അത് ഇല്ലാതാവുകയില്ലെന്നത് കാലം തെളിയിച്ചതാണ്. കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയെ രണ്ട് പ്രാവശ്യം നിരോധിച്ചിട്ടുണ്ട്. എന്നിട്ടത് ഇല്ലാതായിട്ടില്ല. ആശയത്തെ നിരോധനം വഴി നേരിടുകയെന്നത് പ്രായോഗികമല്ലെന്നും കോടിയേരി പറഞ്ഞു.
ഡല്‍ഹിയിലെ സിപിഎം കേന്ദ്ര കമ്മറ്റി ഓഫിസിലേക്ക് 16 വരെ പ്രകടനങ്ങള്‍ നടത്തുമെന്ന ബിജെപി പ്രഖ്യാപനം കേരളത്തില്‍ അവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ദേശീയ തലത്തില്‍ കൊഴുപ്പ് കൂട്ടുന്നതിനാണ്.  ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം സതംഭിപ്പിക്കാനാണ് ബിജെപി ഇത്തരത്തില്‍ മാര്‍ച്ച് നടത്തുന്നത്. ഒരു പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസ് പ്രവര്‍ത്തനം സതംഭിപ്പിക്കുകയെന്നത് ഫാഷിസ്റ്റ് രീതിയിലുള്ള ശൈലിയാണ്. മറ്റ് പാര്‍ട്ടി ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല എന്നതിന്റെ തുടക്കമാണ്  സിപിഎം ഓഫിസ് മാര്‍ച്ച്. കേന്ദ്ര മന്ത്രിമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വേങ്ങരയില്‍ പ്രചാരണം ശക്തിപ്പെടുത്താനും പാര്‍ട്ടിയുടെ വിവിധ തലത്തിലെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അവിടെ നിന്ന് പ്രവര്‍ത്തിക്കാനും സെക്രട്ടിയേറ്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ബി ജെ പിയെ സഹായിക്കാനാണ് യു ഡി എഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റിയത്. ബി ജെ പി കുപ്രചാരണത്തിനെതിരേ ജാഥ നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് മാറ്റിയത്. തിരഞ്ഞെടുപ്പിനുശേഷം എല്‍ ഡി എഫ് ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും. വേങ്ങരയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് യു ഡി എഫിന് ആശങ്കയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. വേങ്ങരയില്‍ യു ഡി എഫിന് വിജയ പ്രതീക്ഷ നഷ്ടപ്പെട്ടതായും കോടിയേരി ആരോപിച്ചു. സംസ്ഥാന സമിതി അംഗം പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

Similar News