കേരളത്തിന്റെ കൈയ്യടി വാങ്ങി കലക്ടര്‍ പി ബി നൂഹ്; പ്രളയദുരന്ത ബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫിസര്‍ക്ക് ശകാരം

Update: 2018-09-13 12:32 GMT


പത്തനംതിട്ട: പ്രളയദുരന്ത ബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാകലക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളം നെഞ്ചേറ്റിയ വാസുകിക്കും അനുപമയ്ക്കും പിന്നാലെയാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹും കേരളത്തിന്റെ കയ്യടി വാങ്ങിക്കൂട്ടുന്നത്. കലക്ടറുടെ ആ ചോദ്യത്തിനും അതിന് ഉദ്യോഗസ്ഥന്‍ നല്‍കുന്ന മറുപടിയും മാത്രം മതി കലക്ടര്‍ എന്ന പദവിയുടെ വില മനസിലാക്കാന്‍. പ്രവൃത്തി ദിവസം അടച്ചിട്ട കോന്നി താഴം വില്ലേജില്‍ നേരിട്ടെത്തിയായിരുന്നു കലക്ടര്‍ പി ബി നൂഹ് ഓഫീസറെ ശകാരിച്ചത്. പ്രളയബാധിത ജില്ലയായ പത്തനംതിട്ടയില്‍ കഴിഞ്ഞ ശനിയും ഞായറും പ്രവൃത്തിദിവസമായിരുന്നു. എന്നാല്‍ കോന്നി താഴത്ത് ഈ ദിവസങ്ങളില്‍ ദുരിതാശ്വാസം നല്‍കാതെ വില്ലേജ് ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥര്‍ മുങ്ങി. ഇതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി സമരവും തുടങ്ങി. പിറ്റേദിവസം സ്ഥലത്തെത്തിയ കലക്ടര്‍ പി ബി നൂഹ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഇന്നലെ ഓഫീസ് തുറന്നായിരുന്നോ എന്നായിരുന്നു കലക്ടറുടെ ആദ്യചോദ്യം. സഹായ കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന് ഓഫിസറോട് ചോദിക്കുമ്പോള്‍ കൃത്യമായി മറുപടി നല്‍കാനാകാതെ ഉദ്യോഗസ്ഥന്‍ വിയര്‍ത്തു. ഒടുവില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കിയ കലക്ടര്‍ ശബ്ദമുയര്‍ത്തി. 'നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി?. ഈ വില്ലേജിലെ മൊത്തം കാര്യം അന്വേഷിക്കലല്ലേ ജോലി. ഇതൊന്നും അറിയാതെ രാവിലെ മുതല്‍ എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 84 ആളുകളല്ലെ ഉള്ളു. ഈ ജില്ലയിലുള്ള 45000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ'. കലക്ടറുടെ ശകാരത്തിന്റെ മൂര്‍ച്ച മനസ്സിലായതോടെ ഉദ്യോഗസ്ഥന്‍ നിശബ്ദനായി. കലക്ടറുടെ ഈ ചോദ്യമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമത്തിലൂടെ കലക്ടറുടെ ഈ വീഡിയോ കണ്ടത്. ശസ്ത്രക്രീയയ്ക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പ്രളയബാധിത മേഖലകളില്‍ കലക്ടര്‍ പി ബി നൂഹ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത് നേരത്തെ കൈയ്യടി നേടിയിരുന്നു.

Similar News