ബിജെപി സ്ഥാനാര്‍ത്ഥി?. പ്രതികരണവുമായി മോഹന്‍ലാലും രാഷ്ട്രീയ നേതാക്കളും

Update: 2018-09-05 16:22 GMT

തിരുവനന്തപുരം: താന്റെ സ്ഥനാര്‍ത്ഥിതത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചതെന്നുള്ള വാര്‍ത്ത നിഷേധിച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുമായി വളരെ കാലം മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നതെന്നും അതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
മുമ്പ് പല പ്രധാനമന്ത്രിമാരെയും താന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നൊന്നും ഉയര്‍ന്നു വരാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ലാല്‍ പറഞ്ഞു.
അതേസമയം, മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വം എന്ന സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള മോഹന്‍ലാല്‍ ബിജെപിയിലേക്ക് വന്നാല്‍ തീര്‍ച്ഛയായും സ്വാഗതം ചെയ്യുമെന്നും പറഞ്ഞു.
മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണു മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാന്‍ വയ്യ.'– രമേശ് ചെന്നിത്തല പറഞ്ഞു.