തെലങ്കാന നിയമസഭ പിരിച്ചുവിടുമോ? നിര്‍ണായക മന്ത്രിസഭ ഇന്ന്

Update: 2018-09-06 05:01 GMT
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണോ എന്നതില്‍ മുഖ്യമന്ത്രി കെചന്ദ്രശേഖര റാവുവിന്റെ തീരുമാനം ഇന്ന്. ഇന്ന് നടക്കുന്ന നിര്‍ണായകമായ മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തില്‍ തീരുമാനമുണ്ടാവുക.അടുത്തവര്‍ഷം കാലാവധി അവസാനിക്കുന്ന നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ടിആര്‍എസ് അറിയിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന്റേതായിരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വേണം തെലങ്കാനയിലെ തിരഞ്ഞെടുപ്പും നടക്കാന്‍. ഒമ്പതു മാസം കൂടിയാണ് തെലുങ്കാന സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍. ഇതുപ്രകാരം അടുത്ത വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.


എന്നാല്‍ രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ചു വേണ്ടെന്ന നിലപാടിലാണു തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖര റാവു.ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി വിരുദ്ധ തരംഗം സഖ്യ കക്ഷിയായ തങ്ങളേയും ബാധിക്കുമെന്നാണ് ടിആര്‍എസിന്റെ ഭയം. മാത്രമല്ല അടുത്തായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ വോട്ടാക്കി മാറ്റാനും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം തെലുങ്കാനയിലും തിരഞ്ഞെടുപ്പ് നടത്താനാണ് റാവു ശ്രമിക്കുന്നത്. സപ്തംബര്‍ 22നു മുമ്പ് സഭ പിരിച്ചുവിട്ടാല്‍ മാത്രമേ ഡിസംബറില്‍ സംസ്ഥാനത്തു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ.

Similar News