ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: 45 വാര്‍ഡുകളില്‍ വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല

Update: 2018-10-09 14:25 GMT

ശ്രീനഗര്‍: ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ പോളിങ് 8.2 ശതമാനം മാത്രമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഷലീന്‍ കബ്ര അറിയിച്ചു. കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ 49 വാര്‍ഡുകളില്‍ 45 എണ്ണത്തിലും വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല.
79 നഗരസഭകളിലേക്കായി നാലു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് പ്രധാന പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും വിട്ടുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസം സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ജമ്മു കശ്മീരില്‍ മൊത്തം പോളിംങ് 56.7 ശതമാനമാണ്. ജമ്മുവില്‍ 65 ശതമാനവും ലഡാക്കില്‍ 62 ശതമാനം വോട്ടും രേഖപ്പെടുത്തി.