കണ്ണൂര്‍ വിമാനത്താവളം 5 മുതല്‍ പൊതുജനത്തിന് കാണാനായി തുറക്കും

Update: 2018-10-03 17:32 GMT


കണ്ണൂര്‍: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പൊതുജനങ്ങള്‍ക്കു കാണുന്നതിനായി അഞ്ചിന് തുറക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി.ജോസ് അറിയിച്ചു. എട്ട് ദിവസമാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി വിമാനത്താവളം തുറക്കുന്നത്. 12 ാം തിയ്യതി വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. വിമാനതാവളം കാണാനെത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ കരുതണം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നും കെ പി ജോസ് അറിയിച്ചു.