ശബരിമല പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യമായി: കാനം

Update: 2018-10-28 13:39 GMT


തൃശൂര്‍: ശബരിമല പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവനയോടെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐടിയുസി ജില്ലാ സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. കേരള ഗവണ്‍മെന്റ്, ബിജെപിയുടെ ഔദാര്യത്തിന്റെ ഫലമല്ല. അമിത്ഷാ കുറച്ചുകൂടി കേരള ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. ഈ രാജ്യത്ത് അഴിമതിക്കെതിരായിട്ട് യുദ്ധപ്രഖ്യാപനം നടത്തി അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും ചെളിക്കുഴിയിലാണ്. റഫേല്‍ യുദ്ധവിമാനവിഷയത്തില്‍ എന്തിനാണ് പ്രധാനമന്ത്രി ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള നടപടിയാണെന്നും കാനം പറഞ്ഞു. അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് എ എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു.