നജ്മല്‍ ബാബുവിനോടുള്ള അനാദരവ് യുക്തിവാദികളുടെ ഹിന്ദുത്വ ബോധമാണ് തുറന്നു കാട്ടുന്നത്: പ്രതിഷേധ കൂട്ടായ്മ

Update: 2018-10-05 11:50 GMT


തിരുവനന്തപുരം : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിനോടുള്ള അനാദരവിനു കാരണം യുക്തിവാദികളുടെ ഹിന്ദുത്വ ബോധമാണെന്ന് സമൂഹം തിരിച്ചറിയണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഹൈക്കോടതി വിധി ലംഘിച്ചാണ് കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാ മസ്ജിദില്‍ നടക്കേണ്ട കബറടക്കം തടഞ്ഞ് വീട്ടു വളപ്പില്‍ ഹിന്ദുത്വ ആചാര പ്രകാരം മൃതദേഹം സംസ്‌കരിച്ചത്.
രാജ്യത്തെമ്പാടും മുസ്‌ലിംകള്‍ക്കു നേരെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്ന കടന്നാക്രമണം തിരിച്ചറിയുകയും, മുസ്‌ലിമാവുക എന്നത് വിപ്ലവ പ്രവര്‍ത്തനമായി കണ്ടു കൊണ്ടാണ് നജ്മല്‍ ബാബു 2015 ല്‍ ഇസ്‌ലാം മതം സ്വീകരിച്ചത്. അദ്ദേഹം ജീവിതത്തില്‍ ആര്‍ജിച്ച രാഷ്ട്രീയത്തെയാണ് വ്യവസ്ഥാപിത ഇടതുപക്ഷവും യുക്തിവാദികളും ചേര്‍ന്ന് റദ്ദ് ചെയ്തത്. ഹിന്ദുത്വ ബോധമാണ് ഈ അനാദരവിന് പിന്നില്‍. നജ്മല്‍ ബാബുവിനോടുള്ള അനാദരവിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ കൂട്ടായ്മ പ്രഭാകരന്‍ വാരപ്പുറത്ത് ഉദ്ഘാടനം ചെയ്തു. നജ്മല്‍ ബാബുവിനോടുള്ള അനാദരവിനെതിരെ പ്രതിഷേധിച്ച് എഴുത്തുകാരനായ കമല്‍സി ചവറ ഇസ്‌ലാം മത ആശ്ലേഷണം വേദിയില്‍ പ്രഖ്യാപിച്ചു. കമല്‍സി നജ്മല്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
തുടര്‍ന്ന് പ്രഭാകരന്‍ വാരപ്രത്തിന്റെ നേതൃത്വത്തില്‍ മയ്യത്ത് നമസ്‌കാരം നിര്‍വ്വഹിച്ചു. പ്രതിഷേധ കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരനും ചിന്തകനുമായ എ.എസ് അജിത്ത് കുമാര്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇബ്രാഹിം മൗലവി, ബിസ്മില്ല കടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. പി.കെ ഉസ്മാന്‍ സ്വാഗതവും അഭിലാഷ് പടച്ചേരി അദ്ധ്യക്ഷതയും വഹിച്ചു. ഷബീര്‍ ആസാദ് നന്ദി രേഖപ്പെടുത്തി.

 

https://youtu.be/8J_Iio5t3bw