കലോല്‍സവം: ഗ്രേസ് മാര്‍ക്കിനുള്ള മല്‍സരം ആലോചനയിലെന്ന് മന്ത്രി ഇ പി ജയരാജന്‍

Update: 2018-09-06 15:45 GMT


തിരുവനന്തപുരം:സ്‌കൂള്‍ കലോല്‍സവം പൂര്‍ണമായി വേണ്ടെന്ന് വെച്ചിട്ടില്ലന്നും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാവാത്ത രീതിയില്‍ മല്‍സരങ്ങള്‍ നടത്തുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി ഇ പി ജയരാജന്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലയെ സ്‌നേഹിക്കുന്നവര്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് വിമര്‍ശനങ്ങളുണ്ടാക്കും. സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തില്ല. ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തോടൊപ്പമാണ് ജനങ്ങള്‍. കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ പുനപരിശോധനയുണ്ടാകും. എല്ലാവരുമായി ആലോചിച്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നും ജയരാജന്‍ പറഞ്ഞു.