ശബരിമല: രാഹുലിനെ തള്ളി കെ സുധാകരന്‍; വിശ്വാസികളെ സംരക്ഷിച്ചില്ലെങ്കില്‍ വാട്ടര്‍ലൂ

Update: 2018-10-30 17:35 GMT


കാസര്‍കോഡ്: ശബരിമല യുവതീപ്രവേശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. വിശ്വാസികളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ വരുന്ന ലോക്്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആയിരിക്കുമെന്ന്
കാസര്‍കോട് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകും. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ കെ സുധാകരന്‍ പമ്പയില്‍ സമരം നടത്തുകയും നാമജപയാത്രയുടെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരേ പോലിസ് നടപടിയെടുത്തപ്പോള്‍ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ശബരിമല ക്ഷേത്രത്തില്‍ പോലിസ് അതിക്രമം തുടരുകയാണെങ്കില്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തപ്പോഴും സുധാകരന്‍ വിമര്‍ശനവുമായെത്തിയിരുന്നു. ഇപ്പോള്‍, യുവതീ പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സിപിഎമ്മും ബിജെപിയും വ്യത്യസ്ത തലത്തില്‍ രാഷ്ട്രീയായുധമാക്കിയതോടെ, വിലപാട് തള്ളി കെ സുധാകരന്‍ രംഗത്തെത്തിയതോടെ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ ഇരുനിലപാടുകാരും വാക്‌പോരുമായി രംഗത്തെത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Similar News