ജമ്മുകശ്മീരിലെ സ്‌കൂളുകള്‍ നാളെ മിന്നലാക്രമണ ദിനം ആചരിക്കണം: കേന്ദ്രത്തിന്റെ ഉത്തരവിറങ്ങി

Update: 2018-09-28 04:36 GMT
ശ്രീനഗര്‍: പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികദിനമായ നാളെ മിന്നലാക്രമണ ദിനമായി ആചരിക്കാന്‍ ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ മൂന്ന് ദിവസം ആഘോഷ പരിപാടികള്‍ നടത്തണം തങ്ങളും സൈന്യത്തിന് ഒപ്പമാണെന്ന് വ്യക്തമാക്കുന്ന
കത്തുകളും കാര്‍ഡുകളും തയ്യാറാക്കി സമീപത്തുള്ള സൈനിക കേന്ദ്രത്തില്‍ എത്തിക്കണം.



എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പരേഡ് നടത്തണം. ഇതിനൊപ്പം സൈനീകരുടെ ധീരപ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തി പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു പേജില്‍ കുറയാത്ത റിപോര്‍ട്ടും എല്ലാ സ്‌കൂളുകളും സമര്‍പ്പിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഉമര്‍ അബ്ദുല്ല തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിന്നലാക്രമണ ദിനം ആചരിക്കണമെന്ന് യുജിസി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ യുജിസിയുടെ ചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രീയതാല്‍പര്യമുള്ള സര്‍ക്കുലര്‍ ഇതിനു മുമ്പ് ഇറക്കിയിട്ടുണ്ടോയെന്നു സംശയമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവും മാനവവിഭവശേഷി മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കണം. നോട്ട് നിരോധന വാര്‍ഷികം ആഘോഷിക്കണമെന്നു നിര്‍ദേശം നല്‍കി യുജിസി സര്‍ക്കുലര്‍ പുറത്തിറക്കുമോയെന്ന് സിബല്‍ ചോദിച്ചു.
യുജിസിയുടെ നിര്‍ദേശം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥാ ചാറ്റര്‍ജി ആരോപിച്ചു.
അതേസമയം, സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും നിര്‍ദേശം മാത്രമാണ് യുജിസി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.
യുജിസിയുടെ നടപടിയില്‍ രാഷ്ട്രീയമല്ല, മറിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കല്‍ മാത്രമാണുള്ളത്. നിര്‍ബന്ധമായും അനുഷ്ഠിക്കാനുള്ള നിര്‍ദേശമല്ല അത്. അധ്യാപകരും വിദ്യാര്‍ഥികളും ശുപാര്‍ശചെയ്തതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്നാണ് യുജിസി നിര്‍ദേശമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

Similar News