ഐവി ശശി പ്രേക്ഷകവികാരം തിരിച്ചറിഞ്ഞ കലാകാരന്‍

Update: 2017-10-25 09:00 GMT

പി എ എം ഹനീഫ്

കോഴിക്കോട്: മലയാള സിനിമയുടെ രീതിശാസ്ത്രം പഠിച്ചറിഞ്ഞവര്‍ക്ക് ഇന്നലെ ചെന്നൈയില്‍ അന്തരിച്ച സംവിധായകന്‍ ഐ വി ശശി എന്ന ബഹുമുഖ പ്രതിഭ ആരൊക്കെയോ ആണ്. 'നാടോടിക്കാറ്റ്' സിനിമയില്‍ ഭരണി സ്റ്റുഡിയോയ്ക്കുള്ളില്‍ ശശി, എം ജി സോമനെ ഒരു ട്രോളി ഷോട്ടില്‍ സംവിധാനം ചെയ്യുന്നതു യഥാര്‍ഥമായി കാണാം.
നടന്‍മാരുമായി സംവദിക്കേണ്ടി വരുമ്പോള്‍ ഐ വി ശശി ഒട്ടുമുക്കാലും പ്രതികരിക്കുക 'ശരി, ചെയ്തു കാണിക്കൂ...' എന്നാണ്.
കുതിരവട്ടം പപ്പുവിനെപ്പോലുള്ള നടന്‍മാര്‍ക്കു ഫ്രെയിം നിശ്ചയിക്കുക എന്നതിനപ്പുറം ശശിക്ക് നിര്‍ദേശങ്ങള്‍ നല്‍കുക എന്ന ഭാരം വളരെ കുറച്ചു മാത്രം..

'ഈറ്റ' സിനിമയാണു പപ്പുവിന്റെ നടനശേഷി ശശി ആയതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.  സ്റ്റണ്ട് സീനുകള്‍, മോട്ടോര്‍ റൈഡുകളൊക്കെ ഇത്ര കൈയടക്കത്തോടെ ഷൂട്ട് ചെയ്യാന്‍ ശശിയെക്കഴിഞ്ഞേ മലയാളത്തില്‍ മറ്റു സംവിധായകരുള്ളൂ.
സിനിമയുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ കലാപാടവം എന്നതിലുപരി പ്രക്ഷേകനെ പോസ്റ്റര്‍ കാണിച്ച് കൊട്ടകയില്‍ കയറ്റുക എന്ന പതിവും ശശിയാണു തുടങ്ങിവച്ചത്. ഒരു പുരുഷ ഷര്‍ട്ടിട്ട് അതൊരിത്തിരി ഉയര്‍ത്തി വൈകാരികഭാവം പൂണ്ട സീമയുടെ പോസ്റ്റര്‍ മലയാള സിനിമയില്‍ 80കളില്‍ വലിയൊരു ചര്‍ച്ചാ വിഷയമായിരുന്നു.
സെക്‌സ് ശശിക്ക് ഏറെ ആഭിമുഖ്യമുള്ളൊരു വിഷയം ആയിരുന്നു. കാസ്റ്റിങില്‍ തന്നെ ആ വൈഭവം മലയാളം തിരിച്ചറിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ സംവിധായകന്‍ ആരെന്നു നോക്കി പ്രേക്ഷകന്‍ കൊട്ടകയില്‍ കയറുന്ന ശീലം ആരംഭിച്ചതും ഐ വി ശശിയിലൂടെയാണ്.  മലബാര്‍ കാര്‍ഷിക വിപ്ലവം എന്നത് 1921 ലേബലില്‍ ശശി മലയാളത്തിലെ സകല നടീനടന്‍മാരെയും ഉള്‍പ്പെടുത്തി കോടികളുടെ ബജറ്റില്‍   അവതരിപ്പിച്ചു.


അതിന്റെ അരാഷ്ട്രീയ ലൈ ന്‍ മൂലം ഏശാതെ പോയെങ്കിലും 1921കളിലെ ആയുധം, വേഷവിതാനം, ഗൃഹോപകരണങ്ങള്‍ ഒക്കെ ചിത്രീകരിക്കുന്നതില്‍ ശശിയിലെ സംവിധായകന്‍ 100 ശതമാനം വിജയിച്ചു.


'ഏതു സിനിമയ്ക്കാ... 'ഐ വി ശശിയുടെ..... ഇവിധമൊരു ഡയലോഗ് പ്രേക്ഷകരില്‍ ഉടലെടുത്തതു ഐ വി ശശിയുടെ സിനിമകള്‍ക്കു ശേഷമായിരുന്നു. ചെന്നൈ വടപളനിയില്‍ ആ ചലനമറ്റ ദേഹം ആയിരക്കണക്കിനു സിനിമാ പ്രേമികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മുന്നില്‍ നിന്നും തുളസിക്കതിര്‍ കടിച്ചുപിടിച്ച് ശുഭ്രത്തൊപ്പിയണിഞ്ഞു കിടക്കുമ്പോള്‍ മലയാള സിനിമയ്ക്കനുഭവപ്പെടുന്നത് യഥാര്‍ഥത്തില്‍ അനാഥത്വം തന്നെയാണ്.