നജ്മല്‍ ബാബുവിനു വേണ്ടി ജനാസ നമസ്‌കരിക്കുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2018-10-04 15:23 GMT
 



കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച നജ്മല്‍ ബാബുവിന്റെ മൃതദേഹം മുസ്്‌ലിം മതാചാരപ്രകാരം ഖബറടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പരിഗണിക്കാതെ ദഹിപ്പിച്ച നടപടി പൗരാവകാശത്തിനും മുസ് ലിംകളുടെ മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ മന്‍ബഇ. ഇസ്ലാം മത വിശ്വാസിയായ നജ്മല്‍ ബാബുവിനെ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം ചേരമാന്‍ പള്ളിയില്‍ അടക്കം ചെയ്യുന്നതിനു പകരം മൃതദേഹത്തോട് പ്രതികാരം ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചത്. നേരത്തെ ഇസ്ലാം മത പ്രബോധകന്‍ കൂടിയായ സൈമന്‍ മാസ്റ്ററോടും ഇതേ സമീപനം തന്നെയാണ് അധികാരികളും ബന്ധപ്പെട്ടവരും അനുവര്‍ത്തിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്രത്തെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് നയങ്ങള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന മതേതര ഹിന്ദുത്വ ബോധം ഇനിയും തിരിച്ചറിയാതെ പോകുന്നത് അപകടം ചെയ്യുമെന്നും അദ്ദേഹത്തിനു വേണ്ടി ജുമാ നമസ്‌കാരാനന്തരം ജനാസ നമസ്‌കരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.