സര്‍ക്കാര്‍ ഫണ്ടില്ലാതെ ചലച്ചിത്രമേള നടത്താമെന്ന് മുഖ്യമന്ത്രി; ഒരു കോടിയെങ്കിലും വേണമെന്ന് എ കെ ബാലന്‍

Update: 2018-09-25 07:06 GMT

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ചിലവഴിക്കാതെ മേള നടത്താനാണ് അനുമതി നല്‍കിയത്. മേളയ്ക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിര്‍ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. മേള മൂന്നു കോടി ചെലവില്‍ നടത്താം എന്നായിരുന്നു അക്കാദമി നിര്‍ദേശം.
അതേസമയം, സര്‍ക്കാര്‍ പണം അനുവദിക്കാതെ രാജ്യാന്ത്ര ചലച്ചിത്ര മേള നടത്താന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍. ചെലവ് ചുരുക്കിയാലും മൂന്നു കോടി രൂപ വേണ്ടിവരും. രണ്ടു കോടി ചലച്ചിത്ര അക്കാദമി കണ്ടെത്തും. പ്ലാന്‍ഫണ്ടില്‍നിന്നും ഒരു കോടി രൂപയെങ്കിലും വേണം. മേള നടത്തിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ബാലന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആറു കോടി രൂപയായിരുന്നു ചലച്ചിത്രമേളയുടെ ചെലവ്. ഇത്തവണ, മൂന്നു കോടി രൂപയ്ക്ക് ഫെസ്റ്റിവല്‍ നടത്താനുള്ള നിര്‍ദേശങ്ങളാണ് അക്കാദമി മുന്നോട്ട് വച്ചത്. ഒരു കോടി മാത്രം പദ്ധതി വിഹിതത്തില്‍ നിന്നും എടുത്ത് ബാക്കി രണ്ട് കോടി ലഭിക്കുന്ന രീതിയില്‍ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തുക, അവാര്‍ഡിനൊപ്പം പണം നല്‍കുന്നത് ഒഴിവാക്കുക, എന്നിങ്ങനെ ആര്‍ഭാടം കുറച്ച്, ഉള്ളടക്കത്തില്‍ വ്യത്യാസമില്ലാതെ മേള നടത്താനുള്ള നിര്‍ദേശങ്ങളാണ് അക്കാദമി മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ ചലച്ചിത്രോത്സവം മാറ്റിവച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ.ബിജു, കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കു ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.