ക്ഷീര മേഖലയ്ക്ക് കൈത്താങ്ങായി അയാം ഫോര്‍ ആലപ്പി

Update: 2018-10-11 06:54 GMT
ആലപ്പുഴ: കുട്ടനാടിനെ ഗ്രസിച്ച മഹാ പ്രളയത്തെ തുടര്‍ന്ന് തളര്‍ച്ച നേരിടുന്ന ക്ഷീര മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ കൈത്താങ്ങായി 'അയാം ഫോര്‍ ആലപ്പി'. ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈയെടുത്ത് ക്ഷീരമേഖലയിലെ പ്രളയദുരിതാശ്വാസ സമിതിയുടെ നേതൃത്വത്തില്‍ പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ ദാനം ചെയ്യുന്നതാണ് 'ഡൊണേറ്റ് എ കാറ്റില്‍' എന്ന പദ്ധതി.



സഹകരിക്കാന്‍ താല്‍പര്യമുള്ള സുമനസ്സുകളായ ദാതാക്കളുടെ സഹകരണത്തോടെ തുടങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം പള്ളാത്തുരുത്തി സഹൃദയ വായനശാലക്ക് സമീപം സബ് കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു.ആദ്യഘട്ടമായി സുരേഷ് ഉമ്മാശ്ശേരി, ബിന്ദു അമ്പാട്ട് എന്നീ ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ കൈമാറി. സുരേഷിന്റെ മൂന്നു പശുക്കളെ നഷ്ടമായിരുന്നു. തൊഴുത്തും നശിച്ചു. ബിന്ദു അമ്പാട്ട് പ്രളയത്തെത്തുടര്‍ന്ന് ക്യാമ്പിലായിരുന്നു. ഭര്‍ത്താവ് കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സങ്കര വര്‍ഗ്ഗത്തില്‍പ്പെട്ട പശുക്കളെയാണ് നല്‍കിയത്. ധാരാളം പേര്‍ പശുക്കളെ നല്‍കാന്‍ തയ്യാറായി വരുന്നതായി കൃഷ്ണതേജ പറഞ്ഞു. സബ് കളക്ടര്‍ കൃഷ്ണ തേജയുടെ പിതൃസഹോദരനായ ബാലാജി മൈലാവരപ്പ് ആണ് രണ്ട് ഗോക്കളെ ദാനം ചെയ്തത്. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഡി.ലക്ഷ്മണന്‍, പ്രസന്ന ചിത്രകുമാര്‍, ദുരിതാശ്വാസ സമിതി ചെയര്‍മാന്‍ ധ്യാനസുധന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വിനുജി, ആലപ്പുഴ തെക്ക് ക്ഷീര സംഘം പ്രസിഡണ്ട് പി. അനിരുദ്ധന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ പ്രളയം മൂലം പശുക്കളെ നഷ്ടപ്പെട്ട 248 കുടുംബങ്ങളെ ആണ് ക്ഷീരവികസന വകുപ്പും, മൃഗസംരക്ഷണ വകുപ്പും ക്ഷീരസംഘങ്ങളും കൂടി കൂട്ടായി നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന 133 കുടുംബങ്ങള്‍ക്ക് ഒരു പശുവിനെ വീതം നല്‍കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സബ് കളക്ടര്‍ പറഞ്ഞു. ഐ.റ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞവര്‍ എന്നിങ്ങനെ വിവിധങ്ങളായ മേഖലയില്‍ നിന്ന് ഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ക്ഷീരസംഘങ്ങള്‍, ക്ഷീരവികസനവകുപ്പ്, മ്യഗസംരക്ഷണ വകുപ്പ്, മില്‍മ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ജില്ലാതല ദുരന്ത നിവാരണ സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ പദ്ധതിയിലൂടെ പശുവിന്റെ സംഭാവന ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്ഷീരമേഖല ദുരന്ത നിവാരണ സമിതി ജില്ലാ ചെയര്‍മാന്‍ ധ്യാനസുതന്‍ (9497730132), ഡൊണേറ്റ് എ കാറ്റില്‍ പദ്ധതി കോഓര്‍ഡിനേറ്റര്‍ എന്‍.വി.മനു (9600090621) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Similar News