പടിയിറക്കം സംതൃപ്തിയോടെ : എം.എം.ഹസ്സന്‍

Update: 2018-09-20 11:54 GMT


തിരുവനന്തപുരം : പുതിയ കെ.പി.സി.സി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
കഴിഞ്ഞ 18 മാസം കെ.പി.സി.സി പ്രസിഡന്റ് എന്നനിലയില്‍ എ.ഐ.സി.സി ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന ആത്മസംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു. ജനമോചനയാത്ര, കുടുംബസംഗമങ്ങള്‍ എന്നിവ നടത്തി പാര്‍ട്ടിയെ ബൂത്തുതലം മുതല്‍ ശക്തമാക്കി. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പടയോട്ടം വിജയിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
പ്രളയബാധിതര്‍ക്ക് കെ.പി.സി.സി പ്രഖ്യപിച്ച 1000 ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ജില്ലായോഗങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ച് വരുന്നു. അഞ്ച് ലക്ഷം രൂപ നിര്‍മ്മാണ ചെലവ് വരുന്ന 100 വീടിന്റെ ചെക്ക് ലഭിച്ചു. പുതിയ നേതൃത്വം ഈ പദ്ധതി വിജയകരമായി പൂര്‍ത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമായി നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചത്. ഒന്നരവര്‍ഷമായി താന്‍ ഉണ്ടാക്കിയെടുത്ത ഐക്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി തന്നെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും എം.എം.ഹസന്‍ പറഞ്ഞു.

Similar News