ഹര്‍ത്താലില്‍ വ്യാപക അക്രമം

Update: 2018-10-18 07:04 GMT


തിരുവനന്തപുരം : ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്.
കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

താനൂര്‍ പൊലിസ് സ്‌റ്റേഷനിലെ രണ്ടു പൊലിസുകാര്‍ക്ക് കല്ലേറില്‍ പരുക്ക്
മാറഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ കൈയേറ്റമുണ്ടായി.
ഹര്‍ത്താലിന്റെ മറവില്‍ മാറഞ്ചേരിയില്‍ ബി.ജെ.പി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുന്നത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക ചാനലായ ചിത്രാവിഷന്‍ റിപ്പോര്‍ട്ടര്‍ സനൂപിന് നേരെയാണ് കൈയേറ്റമുണ്ടായത്. നാമം ജപിച്ച് വാഹനം തടയുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ തെറിവിളികളുമായി മാധ്യമ പ്രവര്‍ത്തകനുനേരെ തിരിയുകയായിരുന്നു. സനൂപിന്റെ ഷര്‍ട്ട് വലിച്ചുകീറി. കൈയേറ്റത്തില്‍ സനൂപിന് പരിക്കേറ്റിട്ടുണ്ട്.