ഹര്‍ത്താല്‍: അതിക്രമം തടയാന്‍ കര്‍ശന നിര്‍ദ്ദേശം

Update: 2018-10-17 07:57 GMT


തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാന്‍ കൂടുതല്‍ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലിസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശിച്ചു.