കേരളത്തിലേത് ലവ് ജിഹാദല്ല;ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന്‍

Update: 2017-11-06 09:55 GMT


[related] കോട്ടയം: കേരളത്തില്‍ നടക്കുന്നത് ലവ് ജിഹാദ് അല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഡോ. ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ നടക്കുന്നത് ലവ് ജിഹാദല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും രേഖ ശര്‍മ പറഞ്ഞു.
ഉച്ചക്ക് ശേഷം 2 മണിയോടെയാണ് രേഖ ശര്‍മ വൈക്കത്തെ ഹാദിയയുടെ വീട്ടില്‍ എത്തിയത്. താന്‍ നവംബര്‍ 27-ാം തിയ്യതി ആകാന്‍ കാത്തിരിക്കുകയാണെന്ന് ഹാദിയ തന്നോട് പറഞ്ഞതായി സന്ദര്‍ശനത്തിന് ശേഷം രേഖ ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും സന്തോഷവതിയാണെന്നും അവര്‍ പറഞ്ഞു.ഹാദിയ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ പറയാനാവില്ല. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വീട്ടുകാരുമായി സംസാരിച്ചശേഷം ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് നല്‍കും.
എറണാകുളത്തെ സിറ്റിങ്ങിനുശേഷമാണ് വൈക്കം ടിവിപുരത്തെ വീട്ടില്‍ ദേശീയ വനിതാ കമ്മീഷനെത്തിയത്.

..............................

Read This :

http://www.thejasnews.com/ഗെയില്‍-ചര്‍ച്ച-പരാജയം.html/

........................................................

ഹാദിയയെ കണ്ട് ഹാദിയയ്ക്ക് പറയാനുള്ളതെല്ലാം മുന്‍വിധികളില്ലാതെ കേള്‍ക്കുമെന്നും ഹാദിയയുടെ ആരോഗ്യകാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു സന്ദര്‍ശനത്തിന് മുമ്പ് രേഖാ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം താല്‍പ്പര്യത്തിന് വിരുദ്ധമായാണോ ഹാദിയയെ അവിടെ താമസിപ്പിക്കുന്നതെന്നും അച്ഛന്‍ അശോകന്‍ ചില ശക്തികളുടെ സ്വാധീനത്തിലാണെന്നും കേള്‍ക്കുന്നുണ്ട്. ബാഹ്യശക്തികളുടെ സ്വാധീനവും ഭീഷണിയും ഹാദിയയ്ക്കുമേല്‍ ഉണ്ടോ എന്ന് വനിതാ കമ്മീഷന് അറിയണം, അത് അറിയുകയാണ് ലക്ഷ്യം. ഹാദിയയെക്കുറിച്ച് മാത്രമാണ് ആശങ്കയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. പതിവുപോലെ മാധ്യമപ്രവര്‍ത്തകരെ വീടിനകത്തേക്ക് കയറ്റിവിട്ടിട്ടില്ല. മുന്‍കൂട്ടി അറിയിക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സിറ്റിങ് നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ വരുംദിവസങ്ങളില്‍ കമ്മീഷന്‍ സിറ്റിങ് നടത്തും.
Tags: