അക്രമം: ഗുജറാത്തില്‍ നിന്ന് പലായനം ചെയ്തത് അരലക്ഷത്തിലേറെപ്പേര്‍

Update: 2018-10-08 15:23 GMT


ന്യൂഡല്‍ഹി: ഇതരസംസ്ഥാനക്കാര്‍ക്കെതിരായ അക്രമത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ ഇതിനകം പലായനം ചെയ്തത് അരലക്ഷത്തിലധികം പേര്‍. അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗുജറാത്ത് സര്‍ക്കാര്‍ ബിഹാര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
അഹമ്മദാബാദ് പോലുള്ള നഗരങ്ങളില്‍ അക്രമത്തിന് കുറവുണ്ടായിട്ടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ തുടരുകയാണ്്. ഞായറാഴ്ച വഡോദരയിലെ വഗോഡിയയില്‍ ഫാക്ടറിയ്ക്കു നേരെ അക്രമമുണ്ടായി. അഞ്ചു ഫാക്ടറി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. ഗിര്‍ സോമനാഥിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറി നാട്ടുകാര്‍ അടപ്പിച്ചു. മെഹ്‌സാനയില്‍ 70 ശതമാനം തൊഴിലാളികലും സംസ്ഥാനം വിട്ടതായി ഗുജറാത്തിലെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ ഉത്തര്‍ഭാരതിയ വികാസ് പരിഷത്ത് പ്രസിഡന്റ് ശ്യാംസിങ് താക്കൂര്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങിയവര്‍ ഉടനെയൊന്നും തിരിച്ചുവരില്ല. ഇത് വ്യവസായ മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആഘോഷ സമയമായതുകൊണ്ട് അതില്‍ പങ്കെടുക്കാനാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ പോകുന്നതെന്നാണ് ഗുജറാത്ത് ഡിജിപി ശിവാന്ദ് ഝാ വിശദീകരിച്ചത്.
കഴിഞ്ഞ മാസം 28ന് 14 മാസം പ്രായമായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതിനെത്തുര്‍ന്നാണ് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരേ വ്യാപകമായ അക്രമം തുടങ്ങിയത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റിലായിട്ടുണ്ട്്്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സംസ്ഥാനങ്ങളിലേക്ക് മോദിയ്ക്ക് വോട്ടു ചോദിച്ച് പോകാനുള്ളതാണ്. ഉത്തര്‍പ്രദേശിലെ വരാണസിയാണ് മോദിയുടെ മണ്ഡലം. മോദിയുടെ സ്വന്തം നാട്ടിലാണ് ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരേ ആക്രമണം നടക്കുന്നതെന്നും നിരുപം പറഞ്ഞു.

Similar News