സജ്ജീവ് ഭട്ടിനെതിരായ പ്രതികാര നടപടി: ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറയണമെന്ന് സുപ്രീംകോടതി

Update: 2018-09-24 12:33 GMT


ന്യൂഡല്‍ഹി: സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്ന് പോലും തടഞ്ഞ് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെതിരേ തുടരുന്ന പ്രതികാര നടപടിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറയണമെന്ന് സുപ്രീം കോടതി. 22 വര്‍ഷം പഴക്കമുള്ള കേസിന്റെ പേരില്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും മുന്‍ ഐപിഎസ് ഓഫിസറുമായ സഞ്ജീവ് ഭട്ടിനെ ദിവസങ്ങളായി ഗുജറാത്ത് പോലിസ് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനെതിരേ ഭാര്യ ശ്വേത നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. സഞ്ജീവ് ഭട്ടിനെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിന്നും തടയുകയാണെന്ന, ഭാര്യ ശ്വേതയുടെ ആരോപണത്തെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. ശ്വേതയുടെ ആരോപണം സത്യമാണെങ്കില്‍ അത് ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. ആരോപണ വിധേയരാണ് സാധാരണയായി കോടതിയെ സമീപിക്കുകയെന്നും എന്നാല്‍ ഈ കേസില്‍ ആരോപണവിധേയന്റെ ഭാര്യയാണ് കോടതിയിലെത്തിയിട്ടുള്ളതെന്നതു ഗൗരവകരമാണ്. ഇത്തരത്തില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയാന്‍ സംസ്ഥാനം ബാധ്യസ്ഥമാണെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചക്കകം മറുപടി സമര്‍പ്പിക്കാമെന്ന് ഗുജറാത്ത് സര്‍ക്കാരിനായി ഹാജരായ മുന്‍ എജി മുകുള്‍ റോത്തഗി അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ട് ആയിരുന്നു.
ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം പഴക്കമുള്ള കേസിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആദ്യമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. എന്നാല്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെതിരായ പ്രതികാര നടപടിയുടെ ഭാഗമാണ് അറസ്റ്റെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Similar News