മല്‍സ്യബന്ധനം മതവിശ്വാസത്തെ വൃണപ്പെടുത്തുമെന്ന് ബ്രാഹ്മണരുടെ കത്ത്; ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കി -കോടതി വിശദീകരണം തേടി

Update: 2018-09-01 15:39 GMT


അഹമ്മദാബാദ്: അണക്കെട്ടിലെ മല്‍സ്യബന്ധനം ഒരു വിഭാഗം മതവിശ്വാസികളുടെ മതവിശ്വാസത്തെ വൃണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ബ്രാഹ്മണര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്്ടര്‍ മല്‍സ്യ തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. പ്രതാപ്‌സാഗര്‍ അണക്കെട്ടിലെ മത്സ്യബന്ധനം മത വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിരാലാല്‍ പൂനംലാല്‍ ജോഷിയാണ് ജില്ലാ കലക്്ടര്‍ക്ക് കത്തയച്ചത്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ലൈസന്‍സ് ജില്ല കലക്ടര്‍ റദ്ദാക്കി.
ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് മല്‍സ്യ തൊഴിലാളികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ ആനന്ദ് എസ് ദവെ, ബിരെന്‍ വൈഷ്ണവ് എന്നിവരുള്‍പ്പെട് ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് സെപ്റ്റംബര്‍ 9 ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെടുത്തി ജില്ല കളക്ടര്‍ മല്‍സ്യ ബന്ധനത്തിലുള്ള ലൈസന്‍സ് റദ്ദാക്കിയത്. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രതാപ്‌സാഗര്‍ അണക്കെട്ടിലെ മത്സ്യബന്ധനം എന്നാരോപിച്ച് ഹിരാലാല്‍ പൂനംലാല്‍ ജോഷി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ജോഷി ഈ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിക്കുകയും ഇക്കാര്യം അറിയിച്ച് ജില്ല കളക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് മത്സ്യബന്ധനത്തിനുളള ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 24 ന് പ്രതാപ്‌സാഗര്‍ റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്താന്‍ ആശ മത്സ്യ വികാസ് കെദുത് മംഗലം മണ്ഡലിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയായിരുന്നു ലൈസന്‍സിന്റെ കാലാവധി.
എന്നാല്‍ മത്സ്യബന്ധനത്തിനുളള ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ ജില്ല ഭരണകൂടം തയ്യാറായില്ല. അണക്കെട്ടിന് സമീപത്തെ റായ്ഗഥ് ഗ്രാമത്തില്‍ താമസിക്കുന്ന ചിലര്‍ ജില്ല ഭരണകൂടത്തെ സമീപിച്ചതായാണ് പിന്നീട് വിവരാവകാശ നിയമ പ്രകാരമുളള ചോദ്യത്തിന് മറുപടി ലഭിച്ചത്.