നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് ജിഗ്നേഷ്

Update: 2018-09-05 11:19 GMT


ബംഗളൂരു: നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് ജിഗ്‌നേഷ് മേവാനി. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കെതിരെയും നാം ഐക്യപ്പെടണം. ഗൗരി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്‌സലായി മുദ്രകുത്തുമായിരുന്നെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബംഗളൂരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്‌നേഷ്. തന്നെ ഗൗരി ലങ്കേഷ് ഒരു മകനെ പോലെയായിരുന്നു കരുതിയിരുന്നത്. ബാംഗ്ലൂരിലെത്തുമ്പോളെല്ലാം അവരുടെ വീട്ടിലെത്തും. ഗൗരി കൊല്ലപ്പെടുന്നതിന്റെ 14 ദിവസം മുന്‍പ് തങ്ങള്‍ കണ്ടിരുന്നു. ആര്‍എസ്എസ് തന്റെ എഴുത്തുകളില്‍ വിറളിപൂണ്ടിരിക്കുകയാണെന്ന് ഗൗരി അന്ന് തന്നോട് പറഞ്ഞിരുന്നു.
ഈ സര്‍ക്കാരിനോട് യോജിക്കാത്ത ആളുകളുടെ ജീവിതങ്ങള്‍ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. രാജ്യത്തെ നിരവധി പുരോഗമനകാരികളുടെയും യുക്തിചിന്തകരുടെയും കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത എന്ന സംഘ്പരിവാര്‍ സംഘടനയാണ്.
ഗൗരിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയതിനും രാജ്യത്തെ വലത്പക്ഷ തീവ്രവാദികള്‍ക്ക് അതിലുള്ള പങ്ക് തെളിയിച്ചതിനും കര്‍ണാടക പോലിസിനെ താന്‍ അഭിനന്ദിക്കുകയാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ വലത് തീവ്രവാദികളുടെ അജണ്ടകള്‍ക്കെതിരെ നാം നിരന്തരം പോരാടുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി.
ഗൗരി ലങ്കേഷ് എഡിറ്ററായിരുന്ന പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയുടെ പുനര്‍പ്രകാശനവും ജിഗ്‌നേഷ് മേവാനി നിര്‍വഹിച്ചു. ന്യായ പാത എന്നാണ് ലങ്കേഷ് പത്രികയുടെ പുതിയ പേര്.

Similar News