ഖഷ്ഗജിയുടെ കൊല: സൗദിയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ജര്‍മനി നിര്‍ത്തിവച്ചു

Update: 2018-10-23 05:06 GMT
ബര്‍ലിന്‍: മാധ്യമപ്രവര്‍ത്തകന്‍ ഖഷ്ഗജിയുടെ കൊലപാതകത്തില്‍ ദുരുഹത നീക്കാത്ത സാഹചര്യത്തില്‍ സൗദി അറേബ്യയിലേയ്ക്ക് ആയുധങ്ങള്‍ കയറ്റി അയക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ജര്‍മ്മനി. 400 മില്യണ്‍ യൂറോയുടെ ആയുധങ്ങളാണ് സൗദി അറേബ്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ജര്‍മ്മനി ഉദ്ദേശിച്ചിരുന്നത്. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് സൗദി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജര്‍മനി ഇതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ധനമന്ത്രി പീറ്റര്‍ അല്‍മെയറ വ്യക്തമാക്കി.



അതേസമയം, ഖഷഗ്ജിയുടെ മരണം കൊലപാതകമെന്നു സൗദി സമ്മതിച്ചു. ഖഷഗ്ജിയുടെ വധം ഗുരുതരമായ തെറ്റായിപ്പോയെന്നും സൗദി വിദേശകാര്യമന്ത്രി അദീല്‍ അല്‍ ജുബൈര്‍ പറഞ്ഞു. എന്നാല്‍ കൃത്യത്തിനു പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.
ഖഷഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ടു സൗദി പറഞ്ഞ കാര്യങ്ങള്‍ക്കു നേര്‍ വിപരീതമായ വെളിപ്പെടുത്തലാണു പുറത്തുവന്നിരിക്കുന്നത്. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖഷഗ്ജിയുമായി മല്‍പ്പിടിത്തം നടത്തിയെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ഈ സംഭവം നടന്നത്. തുടര്‍ന്നു മയക്കുമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും തുടര്‍ന്നു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു റിപോര്‍ട്ട്്്.
കേസില്‍ 18 സൗദി പൗരന്‍മാര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണോ എത്തിയതെന്നു സ്ഥിരീകരിച്ചിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഖഷഗ്ജിയുടെ മരണം സ്ഥിരീകരിക്കുന്ന ഓഡിയോ റിക്കാര്‍ഡിങ് സൗദിയുടെ കൈവശമുണ്ടെന്നാണു മറ്റൊരു ആരോപണം. തുര്‍ക്കിയാണ് ഈ വിഷയം ഉയര്‍ത്തിയിരിക്കുന്നത്. ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന അമേരിക്ക തുറന്നു സമ്മതിച്ചിട്ടുണ്ട്. അതേസമയം കടുത്ത നടപടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖഷോഗി കൊലപ്പെട്ടെന്ന കാര്യം സത്യമാണെങ്കില്‍ സൗദി ഭരണകൂടം കനത്ത വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ കാമുകി ഹേറ്റിസ് സെന്‍ജിസിന് കൊലപാതക സമയത്തെ ശബ്ദരേഖ ലഭിച്ചുവെന്നും റിപോര്‍ട്ടുണ്ട്.