തിരുവനന്തപുരം പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലെ തീപിടിത്തം: രണ്ടുപേര്‍ ആശുപത്രിയില്‍

Update: 2018-10-31 15:17 GMT


തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം. വിശപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘു(18), കോന്നി സ്വദേശി ഗിരീഷ്(21) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ടോടെയാണ് തീ പടര്‍ന്നത്. പ്രദേശത്ത് നിന്നു ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നടക്കമുള്ള അഗ്‌നിശമന യൂനിറ്റുകളെത്തിയാണ് തീയണയ്ക്കുന്നത്.



സിസിപിയുടെ നേതൃത്വത്തില്‍ പോലിസ് സംഘവും അഗ്‌നിശമന സേനയും നാട്ടുകാരും തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ജില്ലയിലെ എല്ലാ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി. കഴക്കൂട്ടത്തിനു സമീപം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സിന്റെ പ്രധാന നിര്‍മാണശാലയ്ക്കാണു തീപിടിച്ചത്. നിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. അകത്തുനിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറികളുണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.