മീ ടൂ: മലയാളി നടിയുടെ പരാതിയില്‍ തമിഴ്താരം അര്‍ജുനെതിരെ എഫ്ആര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു

Update: 2018-10-28 07:47 GMT
ബംഗളൂരു: തമിഴ്താരം അര്‍ജുനെതിരെ മലയാളി നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച മീ ടൂ ആരോപണത്തില്‍ എഫ്ആര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടി പരാതിയില്‍ പറയുന്നത്. സ്ത്രീകളോട് മോശമായി പെരുമാറല്‍, അപമാനിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


സിനിമയില്‍ ചെറിയൊരു സംഭാഷണത്തിനു ശേഷം ശ്രുതി ഹരിഹരനും അര്‍ജുനും ആലിംഗനം ചെയ്യുന്ന പ്രണയരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായുള്ള റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അത് ചെയ്തതെന്നാണ് നടി ആരോപിക്കുന്നത്. അര്‍ജുന്റെ ഉദ്ദേശ്യം പ്രൊഫഷണലായിരിക്കാം. എന്നാല്‍ തനിക്ക് ആ പെരുമാറ്റത്തില്‍ ദേഷ്യം വന്നു.
ചിത്രത്തിന്റെ സംവിധായകന്‍ തന്റെ അസ്വസ്ഥത മനസിലാക്കുകയും റിഹേഴ്‌സലുകള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച നടിയോട് നേരെ ടേക്ക് പോകാമെന്നും സമ്മതിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കാനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അവഗണിക്കുകയാണുണ്ടയതെന്നും ശ്രുതി ഹരിഹരന്‍ പറഞ്ഞു