ഇന്ധന വില വര്‍ദ്ധന: ട്രെയിന്‍ തടഞ്ഞ് എസ്.ഡി.ടി.യു പ്രതിഷേധം

Update: 2018-10-30 12:42 GMT

കോഴിക്കോട്: ഇന്ധനവില വര്‍ദ്ധനവ് നിയന്ത്രിക്കുക! തൊഴിലാളി വിരുദ്ധജനദ്രോഹ നടപടികള്‍ പിന്‍വലിക്കുക! എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്.ഡി.ടി.യു) ട്രെയിന്‍ തടഞ്ഞു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ സമരത്തില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനോടൊപ്പം വര്‍ഗീയത സൃഷ്ടിച്ച് കലാപങ്ങള്‍ നടത്തുകയും, ആയുധ ഇടപാടിലൂടെ ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും, മതേതരത്വത്തെയും മഹത്തായ ഇന്ത്യന്‍ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എ.വാസു പറഞ്ഞു.
കോഴിക്കോട് നടന്ന ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരകുണ്ട്, ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, നിയാസ് കണ്ണൂര്‍, സലാം കൊണ്ടോട്ടി, ഫിര്‍ഷാദ് കമ്പിളിപറമ്പ്, സിദ്ദീഖ് ഈര്‍പ്പോണ, ഗഫൂര്‍ വെള്ളയില്‍ അഭിവാദ്യമര്‍പ്പിച്ചു.
ബിജെപി അധികാരത്തില്‍ കയറിയാല്‍ 40 രൂപക്ക് പെട്രോളും പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത മോദി ഭരണം 5 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ പെട്രോള്‍ വില മൂന്ന് അക്കത്തോട് അടുക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ മാത്രം 2.24 ലക്ഷം കമ്പനികള്‍ പൂട്ടി. 90 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പൊതുമേഖലയും തൊഴിലിടങ്ങളും സ്വകാര്യവത്കരിക്കപ്പെടുന്ന മോദി സര്‍ക്കാരിനെതിരെയുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമാണ് ഈ സമരമെന്ന് ആലപ്പുഴയിലെ ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. സംസ്ഥാന സമിതിയംഗം പി.പി മൊയ്തീന്‍കുഞ്ഞ്. എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി എം.സാലിം, നവാസ് കായംകുളം, ഫസല്‍ റഹ്മാന്‍, മുഹമ്മദ് സാലി, ഷാജിര്‍ കോയമോന്‍, അന്‍സാര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.
തിരുവനന്തപുരത്ത്  സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കമ്മന, സംസ്ഥാന സമിതിയംഗം അഷ്‌റഫ് ചുങ്കപ്പാറ, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, ജലീല്‍ കരമന, ഷാജഹാന്‍ കുന്നംപുറം, റിയാഷ് കുമ്മണ്ണൂര്‍, നിസാര്‍ പരുത്തിക്കുഴി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.